ബെംഗളൂരു ; ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി മോഷണം പോയത് മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലാണ് സംഭവം.
പായ്‌ക്ക് ചെയ്ത് കണ്ടെയ്‌നറിൽ അയച്ച ഷവോമി കമ്പനിയുടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈലുകളാണ് മോഷണം പോയത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് മൊബൈൽ ഫോണുമായി ബെംഗളൂരു നഗരത്തിലേക്ക് പോയ കണ്ടെയ്‌നർ ഡെലിവറി വിലാസത്തിൽ എത്തിയിരുന്നില്ല.
ജിപിഎസ് ട്രാക്ക് ചെയ്തപ്പോൾ ചിക്കബെല്ലാപൂർ ജില്ലയിലെ റെഡ്ഡി ഗൊല്ലഹള്ളിയിൽ ഹൈവേയ്‌ക്ക് സമീപം കണ്ടെയ്‌നർ ഉള്ളതായി കണ്ടെത്തി. കമ്പനി അധികൃതർ സ്ഥലത്തെത്തി കണ്ടെയ്നർ തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത് . തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
മോഷണത്തിന് പിന്നിൽ ഡ്രൈവറാകാമെന്ന നിഗമനത്തിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഒഴിഞ്ഞ കണ്ടെയ്നർ പോലീസ് സ്‌റ്റേഷൻ വളപ്പിലേയ്‌ക്ക് മാറ്റി. അതേസമയം, കണ്ടെയ്‌നർ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്.















