ലക്നൗ: യുപി വാരണാസി കാന്റ് റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബൈക്കുകളിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചാണ് കൂടുതൽ വാഹനങ്ങളിലേക്ക് തീപടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും താൽക്കാലിക ജീവനക്കാരുടേതാണെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന സേനയും പൊലീസും മണിക്കൂറുകൾ പരിശ്രമിച്ചാണ് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രാത്രി ഒമ്പത് മണിയോടെ ഒരു ബൈക്കിൽ ചെറിയ രീതിയിൽ തീ കണ്ടെന്നും അത് വെള്ളം ഉപയോഗിച്ച് അണച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നീട് അർദ്ധരാത്രിയോടെ ഇതേ ബൈക്കിന്റെ സീറ്റിൽ നിന്നും പുക ഉയരാൻ തുടങ്ങി. കരാറുകാരൻ ഉറക്കത്തിലായതിനാൽ ഇത് ശ്രദ്ധിച്ചില്ല. ഇതാണ് അപകടത്തിന്റ വ്യാപ്തി വർദ്ധിപ്പിച്ചത്. പിന്നീട് പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് കരാറുകാരന് ഉണർന്നത്.















