അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തികളിൽ കണ്ടെത്തി. ആൻട്രോസസ് പല്ലിഡസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നവയാണിത് . സാധാരണയായി അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കാണുന്ന ഈ വവ്വാലിനെ വളരെ അപൂർവമായി മാത്രമേ മറ്റിടങ്ങളിൽ കാണാനാകൂ. ഈ പ്രദേശത്തെ അതിന്റെ സാന്നിദ്ധ്യം പ്രദേശത്തിന്റെ പ്രാകൃത സ്വഭാവത്തെ ഉയർത്തിക്കാട്ടുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഈ മേഖലയിൽ ഇനിയും കണ്ടെത്തപ്പെടാത്ത മറ്റ് അപൂർവവും അതുല്യവുമായ ജീവജാലങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് സൂചന നൽകുന്നതായും ഗവേഷകർ പറയുന്നു.ഇരയെ തേടുന്ന സമയത്ത് ഏതാണ് 1 മുതൽ 2 മീറ്റർ വരെ ഉയരത്തിലാണ് ഇവ പറക്കുന്നത്.
ഈ വവ്വാലുകൾ വരണ്ട ആവാസ വ്യവസ്ഥിതിയിലാണ് വളരുന്നതെന്ന് ജീവശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ പകൽ സമയത്ത് പാറക്കെട്ടുകളിൽ വസിക്കുകയും രാത്രിയിൽ പ്രാണികളെയും പുഴുക്കളെയും കൊതുകുകളെയും ഭക്ഷിക്കുകയും ചെയ്യുന്നു. വലുപ്പം കൊണ്ട് ചെറുതാണ് ഇവ. 14നും 25 ഗ്രാമിനും ഇടയിലാണ് ഇവയുടെ ഭാരം. പന്നിയുടേതു പോലെയാണ് ഇവയുെട മൂക്ക്. ശരീരഭാരത്തിന്റെ 40% ഭാരം വരെ ഇവ ഭക്ഷണം അകത്താക്കാറുണ്ട്.