കൊല്ലം; ലോക്കൽ സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവും പ്രകടനവും ഉണ്ടായതിനെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം കുലശേഖരപുരം ഉൾപ്പെടെയുളള ലോക്കൽ സമ്മേളനങ്ങളിൽ വനിതാ സഖാക്കൾ അടക്കം പരസ്യമായി പ്രതിഷേധിക്കുകയും സമ്മേളനം അലങ്കോലപ്പെടുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ കൊല്ലത്ത് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലുമാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനമെടുത്തത്.
ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഏരിയ കമ്മിറ്റിയുടെ ചുമതല. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് മനോഹരൻ കൺവീനർ. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ ആർ.എസ്. അരുൺ ബാബു അടക്കമുള്ളവർ അഡ്‌ഹോക്ക് കമ്മിറ്റിയിലുണ്ട്. കഴിഞ്ഞ ദിവസം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ പ്രാദേശിക നേതാക്കളുടെ സ്വഭാവദൂഷ്യമടക്കം ഉയർത്തിക്കാട്ടിയാണ് വനിതാ സഖാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കളളുകുടിയൻമാരുടെയും പെണ്ണുപിടിയൻമാരുടെയും പ്രസ്ഥാനമായി സിപിഎം മാറിയെന്ന് ആയിരുന്നു പ്രതിഷേധിച്ചവരുടെ ആരോപണം. ഇന്നലെ പകലും ഇവർ ഏരിയാ കമ്മിറ്റി ഓഫീസിന് മുൻപിൽ പരസ്യമായി പ്രതിഷേധവുമായി എത്തി. പാർട്ടിക്ക് മൊത്തം നാണക്കേടായതിനെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി പരിഹാര നടപടികൾക്ക് തുടക്കമിട്ടത്. വിഭാഗീയത ഉണ്ടായ ലോക്കൽ കമ്മിറ്റികളെ പൂർണമായും പരിപാടികളിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയാണ് കൊല്ലം. അവിടെയാണ് വിഭാഗീയത പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയത്.
തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചു പൊറുപ്പിക്കില്ലെന്നും തെറ്റു തിരുത്തൽ പ്രക്രിയയിലൂടെയാണ് പാർട്ടി ഓരോ ദിവസവും ഓരോ മാസവും ഓരോ വർഷവും കടന്നുപോകുന്നതെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യും. ഏരിയ കമ്മിറ്റി പുന:സംഘടിപ്പിക്കും. പരസ്യപ്രതിഷേധം നടത്തിയ സ്ത്രീകൾ അടക്കമുളളവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് പരിശോധിച്ച് ചെയ്യേണ്ട കാര്യമാണെന്ന് ആയിരുന്നു മറുപടി.