ബാല്യകാല കുടുംബ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ എടുത്ത ബ്ലാക്ക് ആൻഡ് വെറ്റിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്.
” മധുരമുള്ള ഓര്‍മകള്‍… ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം”, അദ്ദേഹം കുറിച്ചു. അമ്മയ്‌ക്കരികിൽ വലത് ഭാഗത്ത് നിൽക്കുന്ന കുട്ടിയാണ് സുരേഷ് ഗോപി.
കൊല്ലം സ്വദേശികളായ കെ. ഗോപിനാഥൻ പിള്ളയുടെയും വി . ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി 1958 ജൂൺ 26 സുരേഷ് ഗോപി ജനിച്ചത്. ചലച്ചിത്ര വിതരണ കമ്പനിയുടെ ഉടമയായിരുന്നു പിതാവ്. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരാണ് സഹോദരൻമാർ. കൊല്ലം നഗരത്തിലെ മാടൻനടയ്‌ക്കടുത്താണ് കുടുംബ വീട്.
1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.















