ഹൈദരാബാദ്: ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാന ഖമ്മം സ്വദേശി സായ് തേജ നുകരാപുവാണ് കൊല്ലപ്പെട്ടത്. 22 കാരനായ സായ് തേജ പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. ബിആർഎസ് നേതാവ് മധുസൂദനൻ താത്തയാണ് തേജയുടെ കൊലപാതകവിവരം അറിയിച്ചത്.
പമ്പിലേക്ക് ഇരച്ചെത്തിയ സായുധ സംഘം സായ് തേജയെ വെടിവച്ച് കൊല്ലുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് തേജ ഡ്യൂട്ടിയിൽ ആയിരുന്നില്ല. പ്രവൃത്തിസമയം കഴിഞ്ഞെങ്കിലും സഹപ്രവർത്തകനെ സഹായിക്കാനായി കുറച്ചുനേരം കൂടി പമ്പിൽ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.
ഇന്ത്യയിൽ ബിരുദമെടുത്ത സായ് തേജ, എംബിഎ നേടുന്നതിന് വേണ്ടിയായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോയത്. പാർട്ട്-ടൈമായി പെട്രോൾ പമ്പിൽ ജോലി ചെയ്തായിരുന്നു ഉന്നതവിദ്യാഭ്യാസം. തേജയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് ചിക്കാഗോ പൊലീസ് അന്വേഷിച്ച് വരികയാണ്.