ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് വീശുകയാണ് ഫെംഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. ചെന്നൈയിൽ വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെംഗൽ താറുമാറാക്കി.
കാമശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയൽ, ചെമ്പോടി തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 471 പേരെ പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളപ്പൊക്കവും കാറ്റും മഴയും ശക്തമായി തുടരുകയാണ്. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെന്നൈയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ ഉപരിതല ജലസംഭരണികളിൽ 53 ശതമാനത്തോളം വെള്ളം നിറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പുതുച്ചേരിയിൽ കരതൊട്ട ചുഴലിക്കാറ്റ് രാത്രിയോടെ പൂർണമായും കരയിൽ പ്രവേശിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ഫെംഗലിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നിലവിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ഈ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
ഇന്ന് കാറ്റിന്റെ വേഗത കൂടി മണിക്കൂറിൽ 85 കി.മീ. വേഗതയിൽ വീശും. ഉച്ചയ്‌ക്ക് ഒരു മണിക്കും രണ്ടിനുമിടയിൽ പലയിടത്തും അതിശക്തമായ മഴയുണ്ടാകുമെന്നും തീരദേശ ജില്ലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെങ്കൽപെട്ട് അടക്കം ആറ് ജില്ലകളിൽ റെഡ‍് അലർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധിയായിരിക്കും. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. മത്സ്യബന്ധന ബോട്ടുകളും മറ്റ് ഉപകരണങ്ങളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്. ഫെംഗലിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുകയാണ്. ഇന്ന് ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.