മരണത്തിലേക്കാണ് നടന്ന് നീങ്ങിയതെന്ന് ഒരുപക്ഷേ ചന്ദ്രൻ എടിഎമ്മിൽ കയറിയപ്പോൾ കരുതി കാണില്ല. ചെന്നൈയിലും പ്രദേശത്തും ഫെംഗൽ ചുഴലിക്കാറ്റ് നാശം വിതയ്‌ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. ഇതിനിടയിലാണ് ഒഡിഷ സ്വദേശി എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയത്. നിർഭാഗ്യവശാൽ ലൈവ് കേബിളിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ചന്ദ്രൻ തൽക്ഷണം മരിച്ചു.
ചന്ദ്രന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉള്ളുലയ്‌ക്കുന്ന കാഴ്ചയാണത്. ജീവിതോപാധി തേടിയാണ് ചന്ദ്രൻ ഒഡിഷയിൽ നിന്ന് ചെന്നൈയിലെത്തിയത്. സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്‌വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
എടിഎം കിയോസ്‌കിന്റെ വാതിൽ തള്ളുന്നതിനിടെ സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂൺ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് വൈദ്യുതി ചോരുന്നുണ്ടായിരുന്നു. ആഘാതത്തിൽ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. കണ്ടുനിന്നവർ ഓടിയെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.















