ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാൻ കുരുക്കിൽ .സായിദ് ഖാന്റെ ‘കൾട്ട്’ എന്ന ചിത്രമാണ് ആത്മഹത്യാ വിവാദത്തിൽപ്പെട്ടത് .
ഈ ചിത്രത്തിന് ഡ്രോൺ സാങ്കേതിക വിദ്യാ സഹായം ചെയ്തു കൊണ്ടിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ധ്രുവ സർജ നായകനായ മാർട്ടിൻ , യുവ രാജ്കുമാറിന്റെ യുവ തുടങ്ങിയ കന്നഡ ചിത്രങ്ങൾക്ക് മുമ്പ് ഡ്രോൺ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്. ബാങ്ക് ലോണുകൾ എടുത്ത് നിരവധി ഡ്രോൺ ഉപകരണങ്ങൾ സ്വന്തമാക്കിയ അദ്ദേഹം നിരവധി ഫിലിം പ്രോജക്റ്റുകളിൽ പ്രവർത്തിച്ച് കന്നഡ സിനിമാ വ്യവസായത്തിൽ പ്രശസ്തനായിരുന്നു. കൾട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നവംബർ 25ന് ചിത്രദുർഗയിൽ അപകടകരമായ സാഹചര്യത്തിൽ ഡ്രോൺ ടെക്‌നീഷ്യനായി സന്തോഷ് ജോലി ചെയ്യുകയായിരുന്നു.
ഷൂട്ടിംഗിനിടെ, അദ്ദേഹം പ്രവർത്തിപ്പിച്ച വിലയേറിയ ഡ്രോൺ ഒരു കാറ്റാടി ഫാനുമായി കൂട്ടിയിടിച്ചു തകർന്നു .ഇതേതുടർന്ന് സന്തോഷിന് യാതൊരു നഷ്ടപരിഹാരവും നൽകാൻ സിനിമാ ടീം തയ്യാറായില്ല. അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ വിലയേറിയ ഡ്രോൺ തകർന്നാൽ അതിന്റെ ഒരു ഭാഗം നഷ്ടം സിനിമാക്കാർ നികത്താമെന്നുള്ള ഉറപ്പുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
“ഒരു വലിയ കാറ്റാടിയന്ത്രത്തിന് സമീപം ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പ്രൊഡക്ഷൻ ടീമിന് മുന്നറിയിപ്പ് നൽകിയിട്ടും, എന്നോട് മുന്നോട്ട് പോകാൻ പറഞ്ഞു. ഒടുവിൽ ഡ്രോൺ തകർന്നു, മൊത്തം കേടുപാടുകൾ സംഭവിച്ചു. അപകടസാധ്യത കളെക്കുറിച്ച് ഞാൻ അവരെ അറിയിച്ചിരുന്നു, പക്ഷേ അവർ നിർബന്ധിച്ചു,” സന്തോഷ് പറഞ്ഞു.
ഇക്കാര്യം അദ്ദേഹം സിനിമാ ടീമിനോട് ചോദിച്ചെങ്കിലും വാടക പോലും നല്കിയില്ലെന്നാണ് ആരോപണം. ഈ കേസിൽ നഷ്ടപരിഹാരം നൽകാതെ ഒന്നര ലക്ഷം രൂപയുടെ മെമ്മറി കാർഡ് സിനിമ ടീം അപഹരിച്ചതായും സന്തോഷ് ആരോപിച്ചു.
ഇതേ തുടർന്നാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. സന്തോഷിന്റെ സഹോദരി മഗഡി റോഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ 3 ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് എത്താൻ പൊലീസ് സിനിമാ സംഘത്തോട് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനു ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് പൊലീസ് പറയുന്നു .നടൻ സായിദ് ഖാൻ , സംവിധായകൻ അനിൽ കുമാർ, പ്രൊഡക്ഷൻ മാനേജർ അനിൽ, ക്യാമറാമാൻ ജഗദീഷ് എന്നിവരോട് ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.
അതിനിടെ ഈ വിഷയത്തിൽ സായിദ് ഖാനും സിനിമാ പ്രൊഡക്ഷൻ ടീമിനുമെതിരെ കന്നഡ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
അനിൽകുമാർ സംവിധാനം ചെയ്യുന്ന കൾട്ട് എന്ന സിനിമയുടെ നിർമ്മാതാവ് സായിദ് ഖാൻ ആണെന്നാണ് വിവരം.സായിദ് ഖാനൊപ്പം രചിത റാമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ടൈം ട്രാവൽ ശൈലിയിൽ ഒരുക്കിയ ‘ബനാറസ്’ ആയിരുന്നു സായിദ് ഖാന്റെ ആദ്യ ചിത്രം. . സോണൽ മൊണ്ടേരോ ആയിരുന്നു ഈ ചിത്രത്തിലെ നായിക.