കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പഴയകാല വിസ്മയം കണ്ടെത്തിയിരിക്കുന്നത്.
24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവുമാണ് ചെങ്കൽപ്പാറയിൽ ആയുധം കൊണ്ട് കോറിയിട്ട നിലയിലുള്ളത്. മനുഷ്യരൂപത്തിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളുമുണ്ട്. ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാൽപാടുകൾ. കുട്ടികളുടെയും പ്രായമായവരുടെയും കാൽപാദങ്ങളാണ് ചിത്രീകരിച്ചതെന്നാണ് കരുതുന്നത്.
മരിച്ച ആത്മാക്കളോടുള്ള ആദരസൂചകമായാകാം കാൽപ്പാടുകൾ പണി കഴിപ്പിക്കുന്നതെന്ന് പുരാവസ്തു ഗവേഷകൻ പ്രൊഫ. അജിത് കുമാർ പറയുന്നു. കാസർകോട് ജില്ലയിൽ നിന്ന് നേരത്തെയും ശിലാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.















