ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ കാക്കിനഡ തുറമുഖത്ത് അരിക്കടത്ത് .അനധികൃതമായി കയറ്റുമതി ചെയ്ത 640 ടൺ അരിയുമായി “സ്റ്റെല്ല ഇഎൽ” എന്ന കപ്പൽ അധികൃതർ പിടികൂടി .ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള യാത്രക്കിടെയാണ് അരിക്കടത്ത് പിടികൂടിയത് .
പിന്നാലെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കാക്കിനാഡ തുറമുഖത്തെത്തി. വ്യവസ്ഥാപിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാഫിയ അരി കടത്ത് മാത്രമല്ല, സ്‌ഫോടക വസ്തുക്കളോ മറ്റ് അപകടകരമായ വസ്തുക്കളോ തുറമുഖം വഴി കൊണ്ടുപോകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയാൽ അത് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകും.കപ്പൽ നേരിട്ട് പരിശോധിക്കാനുള്ള തന്റെ ശ്രമം തടഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. .
ഉപമുഖ്യമന്ത്രിയായിരുന്നിട്ടും കപ്പൽ പരിശോധിക്കാൻ എനിക്ക് അനുമതി നിഷേധിച്ചു, ഇത് ഈ പ്രവർത്തനങ്ങൾക്ക് പിന്നിലെ മാഫിയയുടെ ശക്തി തെളിയിക്കുന്നു. ഇത്രയും സ്വാധീനമുള്ള ശൃംഖലയ്‌ക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥനെപ്പോലും തടസ്സപ്പെടുത്താൻ കഴിയുമെങ്കിൽ, മറ്റ് പ്രവർത്തനങ്ങളുടെ തോത് ഊഹിക്കാവുന്നതേയുള്ളൂ.കാക്കിനാഡ തുറമുഖത്തെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഞാൻ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്യും. ഇത് ഇനി അരിക്കടത്ത് മാത്രമല്ല; ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമാണ് – എന്നും പവൻ കല്യാൺ പറഞ്ഞു.