റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസായിരുന്നു അഞ്ജു ജോസഫിന്റെ വിവാഹം. ആലപ്പുഴ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ബെംഗളൂരുവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ വരൻ. വിവാഹചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. റിസപ്ഷനിൽ തന്റെ പ്രിയതമന് വേണ്ടി അഞ്ജു പാടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.
ആരാധികേ.. എന്ന് തുടങ്ങുന്ന ഗാനമാണ് അഞ്ജു ജോസഫ് ആദിത്യയ്‌ക്ക് വേണ്ടി വേദിയിൽ പാടിയത്. ഇരുവരും ഒന്നിച്ചാണ് ഗാനം ആലപിക്കാൻ തുടങ്ങിയത്. പാടുന്നതിനിടയിൽ വികാരാധീനനായ ആദിത്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരിന്നു. വിതുമ്പുന്ന ആദിത്യയെ അഞ്ജു ചേർത്തുപിടിച്ചു. സന്തോഷം കൊണ്ടാണ് കരയുന്നതെന്ന് ആദിത്യ പറഞ്ഞതോടെ ‘ഇവൻ എന്നെ കൂടി കരയിപ്പിക്കുമല്ലോ ഈശ്വരാ..’ എന്നായിരുന്നു അഞ്ജുവിന്റെ കമന്റ്.
വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കാത്തതെന്നും വിവാഹശേഷം അഞ്ജു ജോസഫ് പ്രതികരിച്ചിരുന്നു. വിവാഹം സ്വകാര്യമായി നടത്തണമെന്നായിരുന്നു ആദിത്യയുടെയും ആഗ്രഹം. പാട്ട് പരിപാടികളൊക്കെ എന്നും ഉണ്ടാകുമെന്നും അഞ്ജു പറഞ്ഞു. പ്രണയബന്ധമായിരുന്നോ എന്ന ചോദ്യത്തിന് തങ്ങൾ കണ്ടതും പരിചയപ്പെട്ടതുമൊക്കെ ഇപ്പോൾ പറയുന്നില്ലെന്നും അത് സ്വകാര്യമായി വയ്‌ക്കാനാണ് ഇഷ്ടമെന്നുമാണ് ഇരുവരും മാദ്ധ്യമങ്ങളോട് പറഞ്ഞത്.