‘ഷൂ നക്കി’ എന്ന് ഇസ്ലാമോ-ഇടതുസർക്കിളുകൾ ആക്ഷേപിക്കുന്ന വിനായക് ദാമോദർ സവർക്കർ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ കാലം കാരാഗൃഹത്തിൽ കഴിഞ്ഞ, ഹിന്ദുമഹാസഭാ നേതാവിനെക്കുറിച്ചാണ് അവർ അങ്ങനെ ആക്ഷേപിക്കാറുള്ളത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇരട്ട ജീവപര്യന്തവും ഏറ്റവും കൂടുതൽ ശിക്ഷയുമടക്കം സമാനതകളില്ലാത്ത പീഡനം എറ്റവുവാങ്ങിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് പലരും സൗകര്യപൂർവം വിസ്മരിക്കയാണ്. നടൻ രൺദീപ് ഹൂഡ തന്നെ സംവിധാനം ചെയ്ത്, അദ്ദേഹം തന്നെ നായകനായി വേഷമിട്ട ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം, ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രാത്സവത്തിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമാക്കിയപ്പോൾ, വലിയ വിവാദമാണ് ഉണ്ടായത്.
നിലവാരമില്ലാത്ത ഒരു പ്രൊപ്പഗൻഡ മൂവി പ്രേക്ഷകരുടെ തലയിലേക്ക് അടിച്ചേൽപ്പിക്കുന്നുവെന്നും, കൃത്യമായ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഗോവൻ ചലച്ചിത്രമേളയിൽ ചിത്രം കണ്ട ഈ ലേഖകന് തോന്നിയത്, കുറച്ചകൂടി ശ്രദ്ധിച്ച് എടുത്തിരുന്നുവെങ്കിൽ, ചരിത്രവിരുദ്ധമായ ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ, ഈ ചിത്രം അപാരമായ ഒരു വർക്ക് ആവുമായിരുന്നു എന്നാണ്. ഇപ്പോഴും നിർബന്ധമായി കാണേണ്ട ചിത്രമാണിത്. മൂടിവെക്കപ്പെട്ട ഒരു പാട് ചരിത്ര സത്യങ്ങൾ ഇത് പുറത്തുകൊണ്ടുവരുന്നുണ്ട്.
കാലാപാനിയിലെ ക്രൂരതകൾ
ഏത് ചരിത്രപുരുഷനെയും പോലെ നല്ലതും ചീത്തയുമായ ഭാഗങ്ങൾ ഉള്ളയാളാണ് സവർക്കറും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യഭാഗം, ബ്രിട്ടനെതിരെ ശക്തമായി പോരാടിയ ഒരു വിപ്ലവകാരിയുടേത് ആയിരുന്നു. ബോംബുണ്ടാക്കിയും, സായുധകലാപത്തിന് ശ്രമിച്ചുമൊക്കെ സവർക്കർ ബ്രിട്ടീഷ് സർക്കാറിന്റെ നോട്ടപ്പുള്ളിയായി. ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച ആദ്യ ദേശീയ സമര നായകൻ, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന്റെ പേരിൽ സർവ്വകലാശാല, ബിരുദം പിൻവലിച്ച ആദ്യ സ്വാതന്ത്യ സമര നായകൻ എങ്ങനെയുള്ള സവർക്കറുടെ വിവിധ ടൈറ്റിലുകളിലൂടെ ചിത്രം കടന്നുപോവുന്നു. കാലാപാനിയെന്ന് അറിയപ്പെടുന്ന, ആൻഡമാൻ ജയിലിനെ സവർക്കറുടെ ജീവിതം അതി തീവ്രമായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്തെ രൺദീപ് ഹുഡയുടെ മേക്ക്ഓവർ അതിഗംഭീരമാണ്. കഥാപാത്രത്തിന്റെ പൂർണതയ്‌ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത് എന്ന് നേരത്തെ വായിച്ചിരുന്നു.
നിഷ്പക്ഷമായി ചരിത്രം പരിശോധിക്കുമ്പോൾ, കൃത്യമായ രണ്ടുഘട്ടങ്ങൾ വീർ സവർക്കറുടെ ജീവിതത്തിൽ കാണാം. ദേശീയ സ്വതന്ത്ര്യസമരത്തിൽ പ്രചോദിതമായ വിപ്ലവകാരിയായ കൗമാരം. ഇക്കാലത്ത് അദ്ദേഹം ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി വാദിച്ച നേതാവ് ആയിരുന്നു. എന്നാൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കഴിഞ്ഞശേഷം, അദ്ദേഹം തിരിച്ചുവരുന്നത്, ഹിന്ദുത്വവാദിയായിട്ടാണ്. ഇതിന് ഇടയാക്കിയത് ആൻഡമാൻ സെല്ലുലാർ ജയിലിലെ, മുസ്ലീം ജീവനക്കാരായ ചിലരുടെ കൊടിയ മർദനം ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഈ ഭാഗം ചിത്രം സ്ഥിരീകരിക്കുന്നു.
നേരെ നിവർന്നു കിടക്കാനോ നിൽക്കാനോ സാധിക്കാത്ത സൂര്യപ്രകാശം കടക്കാത്ത ജയിലറ. ദ്വീപിലെ പുല്ല് പുഴുങ്ങിതാണത്രേ ഭക്ഷണം. അതിൽ ഏറെയും പുഴുവായിരിക്കും. ആദ്യ ആറുമാസം സവർക്കർക്ക് ഏകാന്ത തടവായിരുന്നു. അത് അവിടുത്തെ പതിവായിരുന്നു. അതിനു ശേഷം കൂടെയുള്ള തടവുകാർക്ക് എഴുത്തെഴുതി എന്ന കുറ്റം ചുമത്തി ഒരു മാസം വീണ്ടും എകാന്ത തടവ്. വീണ്ടും കത്തെഴുതി. വീണ്ടും പിടിക്കപ്പെട്ടു. ഇക്കുറി ഏഴുദിവസം നിൽക്കാനായിരുന്നു ശിക്ഷ, വെറുതെ നിൽക്കാനല്ല കൈ ഉയർത്തി ഒരു ചട്ടത്തിൽ ബന്ധിച്ചിട്ടുള്ള വിലങ്ങിൽ ബന്ധിപ്പിക്കും. ഭക്ഷണത്തിനും പ്രാഥമിക കൃത്യത്തിനും മാത്രം മോചനം. വീണ്ടും അതുപോലെ തന്നെ.
മറ്റൊരാൾ എഴുതിയ കുറിപ്പ് കയ്യിൽ സൂക്ഷിച്ചതിന് പിന്നെയും കിട്ടി ഒരുമാസം ഏകാന്ത തടവ്. പുറത്തിറങ്ങി അടിമ ജോലി ചെയ്യാൻ വിസമ്മതിച്ചതിനു വീണ്ടും ഏകാന്ത തടവിലായി. പിന്നെയും കൈവിലങ്ങിട്ട് നിർത്തി. അടുത്ത ശിക്ഷ, നാലു മാസം ചങ്ങലക്കിടാൻ. തൊട്ടടുത്ത ദിവസം ക്രോസ്സ് ബാർ ഫെറ്റേഴ്‌സ് ഇട്ടു നിൽക്കാൻ ശിക്ഷ. പത്തു ദിവസം കഴിഞ്ഞപ്പോൾ ക്രോസ്സ് ബാർ മാറ്റി. ചങ്ങലയ്‌ക്കിടൽ നാലുമാസം കൂടി നീണ്ടു.
അതിനിടയിൽ എണ്ണച്ചക്ക് ആട്ടലും, തൊണ്ടുതല്ലലും ഒക്കെ. അസുഖം വന്നപ്പോൾ നേരായ രീതിയിൽ മരുന്ന് പോയിട്ട് ഭക്ഷണം പോലും കിട്ടിയില്ല. അതേ ജയിലിലുള്ള സ്വന്തം സഹോദരൻ ബാബാറാവു സവർക്കറെ കാണാൻ അനുവദിച്ചത് 9 വർഷം കഴിഞ്ഞ്. ഭാര്യയെ കണ്ടത് പത്തുവർഷത്തിനു ശേഷമാണ്. ഈ ഒരു അവസ്ഥയിലുള്ള നരക ജീവിതത്തിൽ ആരും മാപ്പ് എഴുതിപ്പോവും. പക്ഷേ സവർക്കർക്ക് മറ്റൊരു ആശയം കൂടിയുണ്ടായിരുന്നു. വിപ്ലവകാരികളുടെ ജീവിതം ജയിലിൽ കിടന്ന് തീരാനുള്ളതല്ലെന്നും, എങ്ങനെയെങ്കിലം, പുറത്തിറങ്ങി പൊരുതുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണ് സവർക്കർ മാപ്പെഴുതി പുറത്തിറങ്ങുന്നത്. അല്ലാതെ കേരളത്തിലെ ഇസ്ലാമോ- ലെഫ്റ്റ് ആരോപിക്കുന്നപോലെ ബ്രിട്ടീഷുകാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിട്ടല്ല. ഈ രംഗങ്ങളെല്ലാം ഹൃദയഭേദകമായി ചിത്രീകരിക്കാൻ രൺദീപ് ഹുഡക്ക് കഴിഞ്ഞിട്ടുണ്ട്.
ജയിലിൽനിന്ന് ഇറങ്ങിയശേഷം, സവർക്കർ ഹിന്ദുമഹാസഭയിലുടെ സാംസ്‌കാരിക ദേശീയതയുടെയും ഹിന്ദുത്വയുടെയും വക്താവായി. അഖണ്ഡ ഭാരതം എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഈ പുണ്യഭൂമിയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കൾ ആണെന്നാണ് സവർക്കർ പറയുന്നത്. ആ അർത്ഥത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങളും ഹിന്ദുക്കളാണ്.
ദയനീയമായിരുന്നു, സവർക്കറുടെ അവസാന കാലം. ഗാന്ധി വധത്തിലും അദ്ദേഹം ആരോപിതനായി. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന്റെ പാപക്കറയിൽനിന്ന് അദ്ദേഹത്തിന് പുർണ്ണമായും മോചിതനാവാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് പട്ടിണി കിടന്നാണ് അദ്ദേഹം മരണത്തെ സ്വയംവരിച്ചത്. ഇതെല്ലാം ചിത്രത്തിന് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുന്നുണ്ട്. രൺദീപ് ഹുഡ ആ ഭാഗങ്ങളൊക്കെ നന്നായി ചെയ്തിട്ടുണ്ട്.
ഒഴിവാക്കേണ്ട ചരിത്രവിരുദ്ധതകൾ
പക്ഷേ ഒഴിവാക്കേണ്ട കുറേ ചരിത്ര വിരുദ്ധതകൾ ചിത്രത്തിൽ കടന്നുകൂടിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് സവർക്കറും ഭഗത്സിങ്ങും തമ്മിൽ നേരിട്ട് കണ്ടുവെന്നത്. ഇതുപോലെ ഒരു ചരിത്ര സിനിമയിൽ ഒരിക്കലും കടന്നുകൂടാൻ പാടില്ലാത്ത പിശകായിപ്പോയി അത്. അതുപോലെ ഗാന്ധിജിയെ പലപ്പോഴും ഒരു കോമാളി മോഡലിൽ, ലാഗ് ഡയലോഗുകളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെതന്നെ ഗാന്ധിജിയാണ് സവർക്കർക്ക്, മാപ്പപേക്ഷ എഴുതിക്കൊടുത്തത് എന്നത് സ്ഥിരീകരിക്കാത്ത വിവരമാണ്. പക്ഷേ ആധികാരികമായിട്ടാണ് ചിത്രം ആ രംഗം എടുത്തു പറയുന്നത്.
നോൺവെജ് കഴിച്ച് ശക്തരാവാൻ സവർക്കർ ഗാന്ധിജിയോട് പറഞ്ഞതും, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടവുമെല്ലാം, ചിത്രം എടുത്തുപറയുന്നുണ്ട്. പക്ഷേ സിനിമ ബോധപൂർവം മുക്കിയ ഒരു ചരിത്ര വസ്തുതയുണ്ട്. അതാണ് പശു ആരാധനയെ സവർക്കർ എതിത്തുവെന്നത്. പശു ഒരു പാവം മൃഗമാണെന്നും, അതിനെ ആരാധിക്കരുതെന്നും പറഞ്ഞ സവർക്കർ, ഭാരതത്തിന്റെ ആരാധനാ മുർത്തിയായി ഉയർത്തിക്കാട്ടിയത് നരസിംഹത്തെ ആയിരുന്നു. പക്ഷേ പശുരാഷ്‌ട്രീയം കത്തിനിൽക്കുന്ന ആധുനിക ഇന്ത്യയിൽ, രാഷ്‌ട്രീയ താൽപ്പര്യം മുൻനിർത്തായാവണം ആ ഭാഗം സിനിമ ഒഴിവാക്കിയത്.
അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിങ്ടൺ, അമിത് സിയാൽ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആരും മോശമായി എന്ന് പറയാൻ കഴിയില്ല. ഒരു കാര്യം ഉറപ്പാണ്, വെറുമൊരു പ്രോപ്പഗൻഡാ മൂവി എന്ന് പറഞ്ഞ്, തള്ളിക്കളാൻ പറ്റുന്ന ചിത്രമല്ല ഇത്.
വാൽക്കഷ്ണം: എല്ലാവരും ഈ ചിത്രത്തെ സംഘപരിവാർ ചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ സംഘപരിവാറിൽനിന്ന് തനിക്ക് പറയത്തക്ക യാതൊരു പിന്തുണയും കിട്ടിയിട്ടില്ലെന്നാണ് സംവിധായകൻ കൂടിയായ രൺദീപ് ഹുഡ പറയുന്നത്. എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും ചരിത്രകുതുകികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്.