കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവർഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക് സൗജന്യമായി പഠിക്കാൻ സുവർണാവസരം. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ എന്നീ കോഴ്സുകൾ പഠിക്കാനാണ് അവസരം. നേവൽ ഓഫീസറായി ഉടൻ നിയമനത്തിനും സൗകര്യമുണ്ട്. 36 സീറ്റാണുള്ളത്.
10+2 കെഡറ്റ് എൻട്രി സ്കീമിലൂടെ എത്തുന്നവർക്ക് സ്ഥിരം കമ്മിഷനാണ് ലഭിക്കുക. എക്സിക്യൂട്ടീവ്/ ടെക്നിക്കൽ (എഞ്ചിനീയറിംഗ് ആൻഡ് ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ കെഡറ്റും ഏത് ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്ക് ഏഴ് സീറ്റ് ഉണ്ടാകും. 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിലാകണം ജനനം.
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്‌ക്ക് മൊത്തം 70 ശതമാനം മാർക്ക് പ്ലസ്ടുവിലുണ്ടാകണം. പത്തിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയും മികച്ച ആരോഗ്യവും പ്രധാനമാണ്. 2024-ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് പരിഗണിച്ചാകും പ്രാഥമിക സെലക്ഷൻ. കട്ട് ഓഫ് മാർക്ക് തീരുമാനിച്ച് തെരഞ്ഞെടുക്കപ്പെടും. അഞ്ച് ദിവസം നീളുന്ന സർവീസസ് സെലക്ഷൻ ബോർഡ് ഇൻ്റർവ്യൂവിന് ക്ഷണിക്കും. ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലാകും ഇന്റർവ്യൂ.
എസ്എസ്ബി റാങ്കിലെ മെറിറ്റ് മാത്രം നോക്കി തെരഞ്ഞെടുത്ത് നാല് വർഷത്തെ ട്രെയിനിംഗ് നടത്തും. പഠനം, പുസ്തകം, താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.