വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി ‘ഡ്രാഗൺ ഫ്ലൈ’ ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് സാമ്യമുള്ള റോട്ടർക്രാഫ്റ്റാണ് ടൈറ്റനിൽ എത്തിക്കുന്നത്. ഇത് ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ പറക്കും. ഒരു കാറിനോളോളം വലിപ്പമുള്ള ഒക്ടോകോപ്പറാണിത്.
കെന്നഡി സ്പേസ് സെൻ്റർ ആസ്ഥാനമായുള്ള നാസയുടെ ലോഞ്ച് സർവീസസ് പ്രോഗ്രാമിനാണ് ഡ്രാഗൺഫ്ലൈ ദൗത്യത്തിന്റെ വിക്ഷേപണ ചുമതല. 2028 ജൂലൈ 5 നും ജൂലൈ 25 നും ഇടയിലാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2034 ൽ ആയിരിക്കും റോട്ടർക്രാഫ്റ്റ് ടൈറ്റനിലെത്തുക. വിക്ഷേപണത്തിനും അനുബന്ധ ചെലവുകൾക്കുമായി നാസ സ്പേസ് എക്‌സിന് 256.6 മില്യൺ ഡോളറിന്റെ കരാർ നൽകിയിട്ടുണ്ട്.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിലെ വിവിധ മേഖലകളെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ഡ്രാഗൺഫ്ലൈ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായാണ് നൂതന റോട്ടർക്രാഫ്റ്റ്-ലാൻഡർ ഉപയോഗിക്കുന്നത്. ഇതിലുള്ള പേലോഡുകൾ ഉപഗ്രഹത്തിലെ വാസയോഗ്യമായ സാഹചര്യങ്ങൾ പരിശോധിക്കും. ജലത്തിന്റെ സാന്നിധ്യമോ ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ടോ ഉള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. നീണ്ട കാലത്തോളം കാർബൺ സമ്പുഷ്ടമായ പദാർത്ഥങ്ങളും ദ്രവരൂപത്തിലുള്ള ജലവും ടൈറ്റനിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു.