തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലം പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ. തങ്ങളുടെ പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടെന്നും ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
നിലവിൽ വാർഡന്മാരും വാച്ചർമാരും ഉൾപ്പെടെ ഒരു ജീവനക്കാരും ഇന്ന് കലാമണ്ഡലത്തിൽ എത്തിയിട്ടില്ല. സർക്കാർ എന്തുകൊണ്ട് തങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. തങ്ങളുടെ ഭാവിക്ക് വേണ്ടി ഇതിനെതിരെ എല്ലാവരും പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. അദ്ധ്യാപകർക്ക് ശമ്പളം കിട്ടിയിരുന്നില്ലെന്ന വിവരം നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ ഇത്രയും പെട്ടെന്ന് പിരിച്ചുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
68 അദ്ധ്യാപകർ ഉൾപ്പെടെ 121 പേരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. ഡിസംബർ ഒന്ന് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ താൽക്കാലിക അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനായിരുന്നു വൈസ് ചാൻസലറുടെ നിർദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പിരിച്ചുവിടൽ നടപടി.
വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതിനെ തുടർന്നാണ് താൽക്കാലിക അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. നൃത്ത- നൃത്തേതര കലാരംഗത്ത് പ്രശസ്തരായവരുൾപ്പെടെ താൽക്കാലിക അദ്ധ്യാപകരായി കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നുണ്ട്.