ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2-നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാകുമെന്ന ചർച്ചയും ആരാധകർക്കിടയിലുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി അല്ലുവും നടി രശ്മിക മന്ദാനയും തിരക്കിലാണ്. എന്നാൽ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്രമോഷൻ പരിപാടികൾക്കിടെ അല്ലു അർജുൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
പ്രമോഷൻ ചടങ്ങിനിടെ ആരാധകരെ അല്ലു അർജുൻ പ്രശംസിച്ചിരുന്നു. ആരാധകരാണ് തന്റെ സൈന്യമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീൻ പീസ് എൻവയോൺമെന്റ് ആൻഡ് വാട്ടർ ഹാർവസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീനിവാസ് ഗൗഡ്. ഹൈദരാബാദ് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലാണ് ശ്രീനിവാസ്, അല്ലു അർജുനെതിരെ പരാതി നൽകിയിരിക്കുന്നത്.
ആരാധകരെ സൈന്യമായി ഉപമിക്കരുതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. രാജ്യത്തെ സംരക്ഷിക്കുന്നവരാണ് സൈനികർ. സൈന്യം മാന്യമായ പദവിയാണ്. ആരാധകരെ വിളിക്കുന്നതിനായി ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്. പകരം ഉപയോഗിക്കാൻ കഴിയാവുന്ന മറ്റ് നിരവധി പദങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു.
” എനിക്ക് ആരാധകരില്ല. എനിക്കുള്ളത് സൈന്യമാണ്. ഞാൻ അവരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവർ എനിക്കൊപ്പം നിൽക്കും. ഒരു സൈന്യത്തെ പോലെയാണ് എന്റെ ആരാധകർ എനിക്കൊപ്പം നിൽക്കുന്നത്. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ ചിത്രം ഹിറ്റാവുകയാണെങ്കിൽ എന്റെ ആരാധകർക്കായി ഞാൻ ഈ ചിത്രം സമർപ്പിക്കും”, എന്നായിരുന്നു അല്ലു അർജുന്റെ വാക്കുകൾ.
അതേസമയം പുഷ്പ 2ന്റെ പ്രമോഷൻ പരിപാടികൾ മറ്റ് സ്ഥലങ്ങളിൽ ഗംഭീരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കേരളക്കരയിലൊന്നാകെ ആവേശം സൃഷ്ടിച്ച് അല്ലുവും ടീമും കൊച്ചിയിലെത്തിയിരുന്നു.