മലപ്പുറം: പൊലീസ് വേഷത്തിൽ നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കേയെ കണ്ട് പൊലീസ് പട്രോളിംഗാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്ക്. എടപ്പാൾ പൊന്നാനി റോഡിലാണ് അപകടം. റോഡിൽ നിന്നിരുന്ന ഷൈൻ ടോം ചാക്കോയെ കണ്ട് യുവാവ് പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം.
ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന സൂത്രക്കാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിംഗിനായി ഷൈൻ ടോം ചാക്കോ റോഡിനരികിൽ നിൽക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന യുവാവ് ഷൈനിനെ കണ്ടതോടെ പൊലീസ് പട്രോളിംഗാണെന്ന് കരുതി ബൈക്ക് ബ്രേക്കിട്ടു. ഈ സമയം നിയന്ത്രണംവിട്ട ബൈക്ക് റോഡിലേക്ക് തെന്നി വീഴുകയായിരുന്നു.
ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് യുവാവിനും സുഹൃത്തുക്കൾക്കുമൊപ്പം സെൽഫി എടുത്താണ് ഷൈൻ ടോം ചാക്കോയും അണിയറ പ്രവർത്തകരും മടങ്ങിയത്.