ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം മുന്നിൽ കണ്ടാണ് രാഹുലും, പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ഇസ്ലാം വോട്ടുകൾ ലക്ഷ്യം വയ്‌ക്കുന്നവരാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും സന്യാസിമാർക്കും എതിരായ ആക്രമണത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” വോട്ടുബാങ്ക് രാഷ്‌ട്രീയത്തിൽ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ബംഗ്ലാദേശിലെ സന്യാസിമാർക്കെതിരായ ആക്രണമത്തിൽ പ്രതിപക്ഷം പ്രതികരിക്കുന്നില്ല. രാഹുലും പ്രിയങ്കയും മൗനം പാലിക്കുന്നു. എന്നാൽ ഇസ്ലാം വോട്ടുകൾ ലക്ഷ്യമിട്ട് സംഭാൽ വിഷയം ഉയർത്തിപിടിക്കാൻ രാഹുലും കോൺഗ്രസും തയ്യാറാണ്. കാരണം വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രമാണ് അവരുടെ ലക്ഷ്യം.”- ഗിരിരാജ് സിംഗ് പറഞ്ഞു.
ഹിന്ദുക്കൾക്കെതിരായുള്ള ആക്രമണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് പതിവ് രീതിയാണ്. എന്നാൽ ‘രാഷ്‌ട്രീയ വിനോദസഞ്ചാരത്തിനായി’ സംഭാലിലേക്ക് പോകാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാണ്. ഡിസംബർ 2ന് സംഭാൽ സന്ദർശിക്കുമെന്ന് രാഹുൽ അറിയിച്ചിരുന്നു. എന്നാൽ എന്തുകൊണ്ട് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ശബ്ദം ഉയർത്താൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും ഗിരിരാജ് സിംഗ് ചോദിച്ചു.
രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാൻ മുൻകൈ എടുത്തവരാണ് കോൺഗ്രസുകാർ. അവർ എക്കാലവും ഹിന്ദുക്കളെ അടിച്ചമർത്താൻ ശ്രമിക്കും. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഐക്യത്തോടെ നിലക്കൊള്ളണം. ഇന്ത്യയിലെ ഹിന്ദുക്കൾ അനീതിക്കെതിരായി നിലക്കൊള്ളുന്നുവെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കുന്നതിനായി ശബ്ദം ഉയർത്തുമെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.















