ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിൽ കാഞ്ചീപുരത്തെ അണക്കെട്ടുകൾ കരകവിഞ്ഞ നിലയിൽ. ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ കാഞ്ചീപുരം ജില്ലയിൽ 163 മില്ലീമീറ്ററും, ഉതിരമേരൂരിൽ 207 മില്ലീമീറ്ററും വാലാജാബാദിൽ 134 മില്ലീമീറ്ററും മഴ ലഭിച്ചു. ശ്രീപെരുമ്പതൂരിൽ 140 മില്ലീമീറ്റർ, കുന്ദ്രത്തൂരിൽ 114 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.
കാഞ്ചീപുരം ജില്ലയിലെ 381 ജലാശയങ്ങളിൽ 10 എണ്ണവും ചെങ്കൽപേട്ട് ജില്ലയിലെ 528 ജലാശയങ്ങളിൽ 103 എണ്ണവും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിൽ കനത്തതോ ഇടത്തരമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
അതേസമയം കനത്ത മഴയിൽ 9 മരണമാണ് തമിഴ്‌നാട്ടിൽ ഇതുവരെ രേഖപ്പെടുത്തിയത്. പുതുച്ചേരിയിലും വിഴുപ്പുറത്തും ജനജീവിതം സ്തംഭിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഫെംഗൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.















