പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്‌ക്കിടെ പാലക്കാട് വച്ചാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് എത്തിച്ചു.
വെള്ളം, കൂമൻ എന്നീ സിനിമകളുടെ നിർമാണ പങ്കാളിയായിരുന്നു. പത്ത് കൽപ്പനകൾ, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ ചിത്രങ്ങൾ നിർമിച്ചു. വൈ എന്റർടൈൻമെന്റ്സിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് മനു പത്മനാഭൻ നായർ. ഭാര്യ: ഗീത, മകൾ: വൈഗ