കണ്ണൂർ: യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് രാസലഹരി വാങ്ങിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
റഷ്യയിൽ നിന്നടക്കം എല്ലാ മാസവും ഒരു കോടിയിലധികം രൂപ ഇവരിലേക്ക് എത്തിയിരുന്നു. ഈ പണം ഹവാല ഇടപാടിലൂടെ കണ്ണൂർ വളപട്ടണത്ത് മാറിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കണ്ണൂർ സ്വദേശിയായ തൊപ്പി എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. വളപട്ടണം സ്വദേശിയും ബിസിനസുകാരനുമായ മുനാവർ എന്ന മുനീറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ബിറ്റ്കോയിൻ ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. തൊപ്പിയുടെ ഫോൺ കോളുകളും സാമ്പത്തിക ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കും.
ഒരാഴ്ച മുൻപ് യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ എറണാകുളം തമ്മനത്തെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തിരുന്നു. നിഹാദിന്റെ ഡ്രൈവറായ ജാബിറിനെ രാസലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ പോയി. നിലവിൽ പൊലീസ് ചോദ്യം ചെയ്യലിനെതിരെ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പാൾ സെഷൻസ് കോടതിയെ സമീപ്പിച്ചിരിക്കുകയാണ് തൊപ്പി. ജാബിറിനെ കൂടാതെ കൊല്ലം സ്വദേശികളായ മുഹസീബ്,മുഹമ്മദ് സുഹൈൽ എന്നിവരും പിടിയിലായിരുന്നു.















