ആലപ്പുഴ: പുരാതന ഖബറിസ്ഥാനിൽ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മഖാം മസ്ജിദിനോട് ചേർന്നുള്ള ഖബറിസ്ഥാനിലാണ് സംഘർഷമുണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മഖാം പള്ളിയും ഖബറിസ്ഥാനും നടത്തിപ്പുകാർ വീറ്റിരുന്നു. വില കൊടുത്തു വാങ്ങിയ ബാദുഷാ സഖാഫിയുടെ നേതൃത്വത്തിലാണ് സംസ്‌കാരം തടഞ്ഞത്.
ശനിയാഴ്ച അന്തരിച്ച സിവിൽ സ്റ്റേഷൻ വാർഡ് നടുവിലപ്പറമ്പിൽ ഹനീഫ ബീവിയുടെ (101) അടക്കവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. ഖബർ ഒരുക്കാനെത്തിയ വയോധികയുടെ ബന്ധുക്കളെ ബാദുഷ സഖാഫിയുടെ നേതൃത്വത്തിൽ ഒരു സംഘം തടയുകയായിരുന്നു. സംഘർഷം ഉടലെടുത്തതൊടെ ബാദുഷാ സഖാഫി തന്നെ പോലീസിനെ വിളിച്ചു വരുത്തി ഖബറടക്കം തടയണമെന്നാവശ്യപ്പെട്ടു.
എന്നാൽ, വയോധികയുടെ ബന്ധുക്കൾ കോടതി രേഖകൾ ഹാജരാക്കി. മഖാം മസ്ജിദിനോട് ചേർന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലം പൊതുശ്മശാനമാണെന്ന് ബോധ്യപ്പെടുത്തിയതോടെ പൊലീസ് സംരക്ഷണത്തിൽ ഖബർ കുഴിക്കുകയും ഇവിടെ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
നാട്ടുകാർ അറിയാതെയാണ് നടത്തിപ്പുകാർ പളളിയും ഖബറിസ്ഥാനും വിൽപ്പന നടത്തിയത്. തുടർന്ന് നാട്ടുകാരും ബാദുഷാ സഖാഫിയും തമ്മിൽ നാളുകളായി തർക്കവും കേസും നിലനിൽക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖബറിസ്ഥാൻ പൂർവസ്ഥിതിയിൽ നിലനിർത്താൻ ഹൈക്കോടതി ഉത്തരവുണ്ട്.
മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മഖാംപള്ളിയും ഖബർസ്ഥാനും വഖ്ഫ് ബോർഡ് ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.















