ഫോട്ടോഗ്രാഫിയിലൂടെ ആരംഭിച്ച എസ്. കൃഷ്ണൻ പോറ്റിയുടെ ജീവിതം ഇന്ന് അയ്യപ്പന്റെ സന്നിധിയിൽ വരെ എത്തി നിൽക്കുകയാണ്. ഭാര്യയുടെ നിർദ്ദേശ പ്രകാരം ശബരിമലയിലെ കീഴ്ശാന്തി നിയമനത്തിനുള്ള അപേക്ഷ സമർപ്പിച്ചതോടെയാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എസ്. കൃഷ്ണൻ പോറ്റിയുടെ ജീവിതം പുത്തൻ വഴിത്തിരിവിലെത്തിയത്.
കുട്ടിക്കാലം മുതൽക്കേ ഫോട്ടോഗ്രഫിയോടായിരുന്നു കൃഷ്ണൻ പോറ്റിക്ക് പ്രിയം. സ്കൂൾ പഠനകാലത്ത് തന്നെ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഏറെ കാലം ആ മേഖലയിൽ പ്രവർത്തിച്ചു. സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ബാബൂസ് സ്റ്റുഡിയോയിൽ നിന്നാണ് കാമറയുടെ ആദ്യ പാഠംങ്ങൾ പഠിച്ചത്. ഇന്നും തന്റെ കാമറ കണ്ണുകളിൽ പതിഞ്ഞ ചിത്രങ്ങൾ മനസിൽ കോറിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അതിനോടൊപ്പം തന്നെ പൂജാധികാര്യങ്ങളും കൃഷ്ണൻ പോറ്റി പഠിച്ചു.
കണ്ണാടി അന്നപൂർണേശ്വരി ക്ഷേത്രം, ശംഖുമുഖം, മണക്കാട്, പുത്തൻച്ചന്ത, ശ്രീവരാഹം, ആനയറ തുടങ്ങിയ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ഇന്ന് ശബരിമലയിലെ കീഴ്ശാന്തിയായുള്ള നിയോഗം ഏറെ സൗഭാഗ്യമായാണ് കൃഷ്ണൻ പോറ്റി കാണുന്നത്. ഭാര്യയുടെ നിർദ്ദേശം ദൈവഹിതം പോലെ സംഭവിച്ചു. ഇന്ന് കാനനവാസനായ സ്വാമി അയ്യപ്പന് അരികിലെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കൃഷ്ണൻ പോറ്റി. ശ്രീജാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ, ദേവ കൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവരാണ് മക്കൾ.















