ലക്നൗ: ഉത്തർപ്രദേശിൽ പുതിയ ജില്ല പ്രഖ്യാപിച്ച് യുപി സർക്കാർ. 2025 ജനുവരിയിൽ മഹാകുംഭമേള നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കുംഭമേള നടക്കുന്ന പ്രദേശം ഒരു ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുതിയ ജില്ല ”മഹാ കുംഭ മേള ജില്ല” എന്നറിയപ്പെടും.
അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേള പോരായ്മകളില്ലാതെ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് യുപി സർക്കാരിന്റെ ഭരണപരമായ നീക്കത്തെ വിലയിരുത്തുന്നത്. പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന തീർത്ഥാടകർക്ക് ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും നിയമപാലകരുടെ സേവനങ്ങളും തടസമില്ലാത്ത ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതുതായി രൂപീകരിച്ച ജില്ലയിൽ കുംഭമേള സമയത്തെ തയ്യാറെടുപ്പുകളും സേവനങ്ങളും പരിപാലിക്കുന്നതിന് പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് ടീം ഉണ്ടായിരിക്കും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള ഇപ്രാവശ്യം 2025 ജനുവരിയിലാണ് ആരംഭിക്കുക. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് ആതിഥേയത്വം വഹിക്കുന്ന മേളയാണിത്. കോടിക്കണക്കിന് പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേളയ്‌ക്കായി തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.