ആലപ്പുഴ: അർദ്ധരാത്രി പെൺകുട്ടികളെ കാണാനെത്തിയ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിൽ രണ്ട് പേർക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. അതിക്രമിച്ച് കയറിയതിനാണ് മറ്റ് രണ്ടുപേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കാണാനായാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ 12 മണിയോടെ വീട്ടിലെത്തിയത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു ഇവർ തമ്മിൽ പരിചയം. ഇതേ സമയത്ത് തന്നെ കാമുകന്മാരും അവിടെ എത്തി. ഇവർ തമ്മിൽ പരസ്പരം കണ്ടതോടെ തർക്കമുണ്ടാവുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മയും അപ്പൂപ്പനും അമ്മുമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ടതോടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഒരാൾ വീട്ടുകാരുടെ പിടിയിലായി. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ബാക്കിയുള്ളവരേയും പിടികൂടി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷമായി പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന് മനസ്സിലായി. പെൺകുട്ടികൾ ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. പ്രതികളിലൊരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.