ധാക്ക : ഷെയ്ഖ് ഹസീനയെ പിന്തുണയ്‌ക്കുന്നവളാണെന്നും ഇന്ത്യൻ ഏജന്റാണെന്നും ആരോപിച്ച് ബംഗ്ലാദേശിൽ മുസ്ളീം വർഗീയവാദികൾ ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും ഇരയാക്കിയ മാദ്ധ്യമപ്രവർത്തകയ്ക്ക് പൊലീസ് വക പീഡനവും. ബംഗ്ലാദേശിലെ പ്രമുഖ ടിവി താരമായ മുന്നി സാഹയെയാണ് അക്രമികൾ തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കിയത്. ധാക്കയിലാണ് സംഭവം നടന്നത്.
ഇതിനിടെയാണ് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. ഇവർ മുന്നി സാഹയെ രക്ഷപ്പെടുത്തുന്നു എന്ന വ്യാജേന അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ തലസ്ഥാനത്തെ കർവാൻ ബസാറിൽ നിന്നും മുന്നി സാഹയെ “പിടികൂടി”യെന്ന് തേജ്ഗാവ് പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് (ഒസി) എംഡി മൊബാറക് ഹുസൈൻ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.
തുടർന്ന് മണിക്കൂറുകൾക്ക് ശേഷം മുന്നി സാഹയെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ബോണ്ട് അടച്ച് അവരെ കുടുംബത്തിന് കൈമാറി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട്ചെയ്യുന്നത്. കോടതിയിൽ ഹാജരായി ജാമ്യം തേടാനും ഭാവിയിലെ പൊലീസ് സമൻസുകൾ പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്















