ന്യുമോണിയ തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശ്വാസകോശങ്ങളിലെ ശ്വസന നാളികകൾക്കും വായുസഞ്ചികൾക്കും ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ചുമ, ശ്വാസതടസ്സം, കഫക്കെട്ട്, പനി, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ന്യുമോണിയ, ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ അണുക്കളാലും ഏതെങ്കിലും വിഷവസ്തുക്കൾ ശ്വാസകോശത്തിൽ പ്രവേശിക്കുന്നതുകൊണ്ടും ഉണ്ടാകാം.
മൂക്കിൽ നിന്ന് തുടങ്ങി ശ്വാസകോശം വരെ നീളുന്ന ശ്വസനവ്യൂഹത്തിൽ ഉണ്ടാകുന്ന ചെറിയ അണുബാധപോലും ശരിയായി ചികിത്സിക്കാതെ ഉപേക്ഷിച്ചാൽ ന്യുമോണിയയിലേക്കു നയിച്ചേക്കാം. അതിനാൽത്തന്നെ എത്രയും വേഗത്തിൽ ചികിത്സ ആരംഭിക്കുകയാണ് പോംവഴി.
വാതദോഷം ശ്വസനത്തെ നിയന്ത്രിക്കുന്നു. തണുപ്പ്, വരണ്ട വായു, സമ്മർദ്ദം അല്ലെങ്കിൽ ക്രമരഹിതമായ ദിനചര്യകൾ എന്നിവയാൽ ഉണ്ടാകുന്ന വാത അസന്തുലിതാവസ്ഥ ശ്വസനപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അമിതമായ കഫം ശ്വാസകോശത്തിൽ മ്യൂക്കസ് ദ്രാവകം അടിഞ്ഞുകൂടുന്നതിനും പ്രാണവായുവിന് തടസ്സമുണ്ടാക്കുന്നതിനും ഇടയാക്കും. ഇങ്ങനെ വാത, കഫ ദോഷങ്ങൾ ന്യുമോണിയ പോലുള്ള അണുബാധയിലേക്ക് നയിക്കുന്നു.
വാത, കഫ ദോഷങ്ങൾ സന്തുലിതമാകുമ്പോൾ, ശ്വാസകോശം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അവ സന്തുലിതമല്ലെങ്കിൽ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങൾ ഉണ്ടാകാം.
ശ്വാസകോശാരോഗ്യത്തിനുള്ള പ്രധാന ആയുർവേദ തത്വങ്ങൾ
രോഗപ്രതിരോധത്തിൽ അധിഷ്ഠിതമായ നമ്മുടെ ആയുർവേദ പാരമ്പര്യം ശ്വസനവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് സമഗ്രവും പ്രകൃതിദത്തവുമായ പ്രതിവിധി നിർദ്ദേശിച്ചിട്ടുണ്ട്. രോഗാണുബാധയെ ചെറുക്കാൻ നമ്മുടെ ശ്വാസകോശങ്ങളെ സജ്ജമാക്കുന്നതിനായി പ്രധാനമായും ചെയ്യേണ്ടത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിലും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തി ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകുന്നതിന് മുമ്പ് തടയുന്നതിലും ആയുർവേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ശ്വാസകോശത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ, പ്രകൃതിദത്ത പരിഹാരങ്ങൾ എന്നിവയിലൂടെ ദോഷങ്ങളെ സന്തുലിതമാക്കുക എന്നതാണ് ആയുർവേദ ചികിത്സാതത്വം.
ഓജസ് വർദ്ധിപ്പിക്കുക
ആയുർവേദത്തിൽ, ഓജസ് രോഗ പ്രതിരോധശേഷിയെ പിന്തുണയ്‌ക്കുന്ന, രസാദിയായ ശരീരധാതുക്കളുടെ സുപ്രധാനവും പരമവുമായ സത്തയാണ്. ഓജസ് ശക്തമാകുമ്പോൾ, ശരീരത്തിന് ന്യുമോണിയ ഉൾപ്പെടെയുള്ള അണുബാധകളെ കൂടുതൽ ഫലപ്രദമായി തടയാൻ കഴിയും. ശരിയായ പോഷകാഹാരം, മതിയായ വിശ്രമം, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നിവ ഓജസ് നിർമ്മിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാനമാണ്.
പ്രാണായാമം (ശ്വസന വ്യായാമങ്ങൾ)
ശരീരത്തിലെ പ്രാണന്റെ (ജീവശക്തി) പ്രവാഹം വർദ്ധിപ്പിക്കുന്നതിന് നിയന്ത്രിത ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രാണായാമം. പ്രാണായാമം പതിവായി പരിശീലിക്കുന്നത് ശ്വസനവ്യൂഹം നിർമ്മലമാകാനും ശ്വാസകോശ ശേഷി മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ഭക്ഷണക്രമവും ദഹനവും
പോഷകപ്രദമായ ആഹാരവും പാനീയങ്ങളും ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ തടയാൻ സഹായിക്കുന്നു. വിറ്റാമിനുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും ജലാംശം നിലനിർത്തുന്നതും രോഗപ്രതിരോധ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ശ്വസന ആരോഗ്യത്തെയും പിന്തുണയ്‌ക്കുന്നു.
ആയുർവേദ പ്രകാരം, ആരോഗ്യകരമായ ദഹനവ്യവസ്ഥ ശ്വാസകോശാരോഗ്യം ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദഹനശക്തി അഥവാ അഗ്‌നി ശക്തമാകുമ്പോൾ, ശരീരത്തിന് പോഷകങ്ങൾ ഫലപ്രദമായി ലഭ്യമാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിഷവസ്തുക്കളെ ഇല്ലാതാക്കാനും കഴിയും.
വ്യക്തിശുചിത്വം
ചുമയും തുമ്മലും മറയ്‌ക്കുക, കൈകൾ ഇടയ്‌ക്കിടെ കഴുകുക തുടങ്ങിയ നല്ല ശ്വസന ശുചിത്വം പാലിക്കുന്നത് അണുബാധകൾ പടരുന്നത് തടയും.
വ്യായാമം
രോഗാണുബാധയെ ചെറുക്കുന്നതിന് നിത്യവുമുള്ള വ്യായാമത്തിനു കഴിയും. രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ സെല്ലുലാർ ഇമ്മ്യൂണിറ്റിയ്‌ക്ക് ഉത്തേജനം നല്കാൻ വ്യായാമത്തിനു സാധിക്കുന്നു.
ശ്വസന രോഗികൾക്കായുള്ള ആയുർവേദ നുറുങ്ങുകൾ
- ശ്വാസകോശ രോഗ ചികിത്സയിൽ ഏറ്റവും ഫലപ്രദമായ ഔഷധമാണ് ആടലോടകം. ഇല വാട്ടിപ്പിഴിഞ്ഞു 10 ml വീതം തേൻ ചേർത്തുകഴിച്ചാൽ കഫക്കെട്ടു ശമിക്കും.
- അലർജി, തുമ്മൽ എന്നിവയുള്ളവർ ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമഭാഗം ഉണക്കിപ്പൊടിച്ച്, 2 ഗ്രാം വീതം തേൻ ചേർത്ത് കഴിക്കുക.
- കുരുമുളക് വയമ്പും ചേർത്ത് തേനിൽ ചാലിച്ചു കഴിക്കുന്നത് ചുമ, സ്വരഭേദം ഇവ ശമിക്കാൻ സഹായിക്കും.
- പനിക്കൂർക്കയില അല്ലെങ്കിൽ പുതിനയില ചേർത്ത നീരാവി ശ്വസിക്കുന്നത് മൂക്കടപ്പ് മാറ്റാനും ജലദോഷത്തിന്റെ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു.
- തുളസിയില കഫം അലിയിച്ചു പുറത്തിക്കളയുന്നതിനാൽ, ഉണക്കിപ്പൊടിച്ചു നാസികാ ചുർണമായി ഉപയോഗിക്കാം.