ഇടുക്കി: കട്ടപ്പന ബസ് സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി അപകടം. ബസ് കാത്തിരിക്കുമ്പോഴാണ് സംഭവം. അപ്രതീക്ഷിതമായി സ്റ്റാൻഡിലുണ്ടായിരുന്ന ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് ഇടിച്ച് കയറിയത്. യുവാവ് അത്ഭുതകരമായാണ് രക്ഷപെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ ബസ് കാത്തിരിയ്‌ക്കുന്ന വിഷ്ണുവിനെ കാണാം. അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ബസ് വിഷ്ണുവിന്റെ ശരീരത്തിനുമുകളിലേക്ക് പാഞ്ഞുകയറി. ബസ് സമീപത്തെ തിട്ടയിൽ ഇടിച്ച് ഉയർന്നു നിന്നതിനാൽ ബസിനടിയിലായ യുവാവിന് പരിക്കേറ്റിട്ടില്ല. ഉടൻ തന്നെ പിന്നോട്ടെടുത്ത ബസിൽ നിന്നും ആളുകൾ ചേർന്ന് വിഷ്ണുവിനെ പുറത്തെടുക്കുകയായിരുന്നു.
വിഷ്ണുവിന്റെ പരിക്ക് ഗുരുതരമല്ല. കാലിന് നിസാര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കുമളി മൂന്നാർ കട്ടപ്പന റൂട്ടിൽ സർവ്വീസ് നടത്തുന്ന ദിയമോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. ഡ്രൈവർ ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.















