സിലിഗുരി : അടുത്തിടെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ ഇന്ത്യൻ ത്രിവർണ്ണപതാകയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . കടുത്ത പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നത് . കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി ഇനി ബംഗ്ലാദേശികൾക്ക് ചികിത്സ നൽകില്ലെന്ന് പോലും സർക്കുലർ ഇറക്കി . അതിനു പിന്നാലെ ഇപ്പോഴിതാ തന്റെ കൺസൾട്ടിംഗ് റൂമിനു പുറത്ത് ഇന്ത്യൻ പതാക സ്ഥാപിച്ചിട്ട് അതിനെ വന്ദിച്ചിട്ട് ബംഗ്ലാദേശികൾ അകത്ത് കയറിയാൽ മതിയെന്ന ബോർഡും സ്ഥാപിച്ചിരിക്കുകയാണ്.
സിലിഗുരിയിലെ ഡോക്ടർ ശേഖർ ബന്ദോപാധ്യായയാണ് തന്റെ ചികിത്സയ്‌ക്ക് മുമ്പ് ബംഗ്ലാദേശി രോഗികൾ ഇന്ത്യൻ പതാകയെ അഭിവാദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത് .ധാക്കയിൽ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി.
‘ ഇന്ത്യയുടെ ദേശീയ പതാക നമ്മുടെ അമ്മയെപ്പോലെയാണ്. ദയവായി പ്രവേശിക്കുന്നതിന് മുമ്പ് പതാകയിൽ പ്രണാമം അർപ്പിക്കുക. പ്രത്യേകിച്ച് ബംഗ്ലാദേശി രോഗികൾ പ്രണാമം നൽകിയില്ലെങ്കിൽ അവർക്ക് ചികിത്സ ഉണ്ടാകില്ല‘ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.
“ബംഗ്ലാദേശിൽ നമ്മുടെ ദേശീയ പതാകയെ അനാദരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് എന്നെ വേദനിപ്പിച്ചു. ഒരു ഡോക്ടർ എന്ന നിലയിൽ, രോഗികളെ നിരസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്റെ രാജ്യത്തേക്ക് വരുന്നവർ നമ്മുടെ പതാകയെ, നമ്മുടെ മാതൃരാജ്യത്തെ ബഹുമാനിക്കണം. ബംഗ്ലാദേശ് താലിബാനി ചിന്താഗതിക്ക് കീഴിലായതായി തോന്നുന്നു.“ ശേഖർ ബന്ദോപാധ്യയ പറയുന്നു.
ബന്ദോപാധ്യായ സീനിയർ ഇഎൻടി സ്പെഷ്യലിസ്റ്റാണ്, നിലവിൽ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിൽ സ്പെഷ്യൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.