മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ. പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും താൻ അധികാര മോഹിയല്ലെന്നും ശ്രീകാന്ത് പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലത്തിലും ശിവസേനയ്‌ക്കും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സിൽ പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം തന്റെ മന്ത്രിപദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും കാബിനറ്റ് മന്ത്രിയാകാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിച്ചത്. സംസ്ഥാന സർക്കാരിലെ മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ഒരു മത്സരത്തിനും താനില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിയുടെ ഉജ്ജ്വല വിജയത്തിനുശേഷം ഡിസംബർ അഞ്ചിന് സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കാനിരിക്കുകയാണ്. എന്നാൽ പുതിയ സർക്കാർ രൂപീകരണത്തിൽ ഏക്നാഥ് ഷിൻഡെ തൃപ്തനല്ലെന്നും മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ഷിൻഡെ സമ്മർദം ചെലുത്തുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ശ്രീകാന്ത് ഷിൻഡെ തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാർ രൂപീകരണത്തിൽ മഹായുതിയിൽ ഭിന്നതയില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിനൊപ്പം നിൽക്കുമെന്നും ഏക്‌നാഥ് ഷിൻഡെയും വ്യക്തമാക്കിയിരുന്നു. ആസാദ് മൈതാനത്തുവച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും.
288 അംഗ നിയമസഭയിൽ 233 സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്. ഇതിൽ 132 സീറ്റുകളും ബിജെപിക്കാണ്. ഷിൻഡെ വിഭാഗത്തിന് 57 സീറ്റുകളും എൻസിപി അജിത് പവാർ പക്ഷത്തിന് 41 സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബിജെപിയായിരുന്നു സീറ്റെണ്ണത്തിൽ മുൻപിലെങ്കിലും ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി പിന്തുണ നൽകുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നിലപാടുകളെ എതിർത്ത് ശിവസേനയിൽ നിന്ന് ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ പിൻമാറുകയും അവർ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താൽപര്യം പ്രകടിപ്പിക്കുകയുമായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ബിജെപി മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറി നിന്നത്. മുൻ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസ് പിന്നീട് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.















