ചെന്നൈ: പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെംഗാൽ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പുതുച്ചേരിക്ക് സമീപം തീരം കടന്നു. ചുഴലിക്കാറ്റ് തീരം കടന്നതിനു ശേഷവും തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവണ്ണാമലൈ, വില്ലുപുരം, കടലൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. റോഡിൽ അരയോളം പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ എന്നീ 10 ജില്ലകളിൽ ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹൊഗെനക്കൽ, ശിരുവാണി എന്നിവിടങ്ങളിലും ഈ മേഖലയിലെ മറ്റ് അണക്കെട്ടുകൾ എന്നിവയുൾപ്പെടെ പരിസര പ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പശ്ചിമഘട്ടത്തിലെ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളും വിനോദസഞ്ചാരികളും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുന്നു.