കോട്ടയം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കിണറ്റിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ ജോസ്ഫ് (47) ആണ് മരിച്ചത്. പൊൻകുന്നം അരവിന്ദ ആശുപത്രിക്ക് സമീപത്തെ കിണർ വൃത്തിയാക്കുന്നതിനിടെ ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം.
കിണർ വൃത്തിയാക്കിയ ശേഷം തിരിച്ച് കയറുന്നതിനിടെ കൈവരിയിലെ തൂൺ ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ജിനോയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷിനും പരിക്കേറ്റു. ഇരുവരും ചേർന്നാണ് കിണർ വൃത്തിയാക്കിയിരുന്നത്. തൂണിന്റെ ഭാഗങ്ങൾ സനീഷിന്റെ ദേഹത്തേക്കും വീണിരുന്നു.
പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യമാണുള്ളത്. കോൺക്രീറ്റ് തൂണായതിനാൽ മഴയിൽ പെട്ടന്ന് കുതിരുകയും ഇത് അപകടത്തിനിടയാക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജിനോയും സനീഷും കിണറ്റിൽ കിടക്കുന്നത് കണ്ടത്.
ഇതോടെ ഇവർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിനോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനീഷ് ചികിത്സയിലാണ്.















