ഫഹദ് ഫാസിലിന്റെ ആവേശത്തിനൊപ്പം തിയേറ്ററിലെത്തിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ. തിയേറ്ററിൽ ഹിറ്റായ സിനിമ ഒടിടിയിലെത്തിയപ്പോൾ ശരാശരിക്കും താഴെയെന്ന് അഭിപ്രായം ഉയർന്നു. ഇപ്പോൾ പ്രൊമോഷനിലൂടെ സിനിമയുടെ ഹൈപ്പ് ഉയർത്തിയ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ആവേശത്തിനൊപ്പം പിടിച്ചു നിൽക്കാൻ വലിയൊരു തള്ള് തന്നെ വേണ്ടിവന്നുവെന്നാണ് ധ്യാനിന്റെ വെളിപ്പെടുത്തൽ. ബേസിൽ ജോസഫിനെ വിളിച്ചുവരുത്തി അഭിമുഖങ്ങൾ നൽകിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹൈപ്പ് കൂടിയതെന്നും പിന്നീട് അതൊരു ബാധ്യതയായെന്നും ധ്യാൻ സമ്മതിക്കുന്നു. ആവേശം ടീം കത്തിനിൽക്കുകയാണല്ലോ അപ്പോ അവർക്കൊപ്പം പിടിച്ചുനിൽക്കണ്ടേ?
ആൾക്കാർ വിചാരിച്ചത് ഈ അഭിമുഖത്തിലെ തമാശയൊക്കെ സിനിമയിൽ ഉണ്ടാവുമെന്ന് വിചാരിച്ചു. ഞാൻ ഇൻ്റർവ്യൂയിൽ നിന്ന് തള്ളിമറിച്ചു. ആ തള്ളൊന്നും സിനിമയിൽ ഇല്ലെല്ലോ എന്നാണ് ആരാധകർ പറഞ്ഞത്. ഇതിൽ വെറും കരച്ചിലും പിഴിച്ചും ഡ്രാമയാണല്ലോ എന്നായിരുന്നു ചോദ്യം. നിവിൻ പോളി വന്നതിന് ശേഷമാണ് പടത്തിന് ജീവൻ വച്ചത്. അഭിമുഖം ബാധ്യതയായി മാറുകയും എനിക്ക് പൂര തെറി കേൾക്കുകയും ചെയ്തു. തട്ടത്തിൻ മറയത്തിനെയും ഉസ്താദ് ഹോട്ടലിനെയും ഉപമിച്ച് ചരിത്രം ആവർത്തിക്കട്ടെ എന്നും തള്ളി. ആവേശം സെക്കന്റ് ഹാഫ് ലാഗെന്ന് വെറുതെ അടിച്ചു. അതിന്റെ തെറി വേറെ കിട്ടി. —-ധ്യാൻ ശ്രീനിവാസൻ അമ്മ യുട്യൂബ് ചാനലിലെ സംഭാഷണത്തിനിടെ ഫഹദിനോടും ബാബുരാജിനോടും പറഞ്ഞു.















