ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുമായി ബന്ധപ്പെട്ട കേസ് ബംഗ്ലാദേശ് കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദാരുണസംഭവം. ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസ് ആണ് അഭിഭാഷകൻ ആക്രമിക്കപ്പെട്ട വിവരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്.
” എല്ലാവരും അഭിഭാഷകനായ രമൺ റോയിക്ക് വേണ്ടി പ്രാർത്ഥിക്കണം. കോടതിയിൽ ചിൻമോയ് കൃഷ്ണ പ്രഭുവിന് വേണ്ടി വാദിച്ചു എന്ന ഒരേയൊരു കുറ്റം മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. തീവ്ര ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കുകയും അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹം ഇപ്പോൾ ജീവന് വേണ്ടി ഐസിയുവിൽ മല്ലിടുകയാണെന്നും” രാധാരമൺ ദാസ് കുറിച്ചു.
എന്നാൽ അത്തരത്തിൽ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ബംഗ്ലാദേശിലെ അഭിഭാഷകരുടെ അവകാശവാദം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദു മതന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. ചിന്മയ് കൃഷ്ണദാസിന് പിന്നാലെ ശ്യാം ദാസ് പ്രഭു എന്ന സന്യാസിയും അറസ്റ്റിലായിരുന്നു. ഇതിന് പുറമെ ചിന്മയ് കൃഷ്ണദാസിന്റെ രണ്ട് ശിഷ്യന്മാരെ കാണാതായതായും ചാട്ടോഗ്രാമിൽ നിന്ന് കാണാതായതായും രാധാരമൺ ദാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു. അറസ്റ്റിനെ ശക്തമായി അപലപിച്ച ഇന്ത്യ, ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.















