ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. കാർ വാടകയ്‌ക്ക് നൽകാനുള്ള ലൈസൻസ് ഉടമയ്‌ക്കില്ല. തികച്ചും നിയമവിരുദ്ധമായാണ് കാർ വാടകയ്‌ക്ക് കൊടുത്തതെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമിൽ ഖാന്റേതാണ ടവേര കാർ.
അതേസമയം പരിചയത്തിന്റെ പേരിലാണ് കാർ നൽകിയതെന്ന് ഷമിൽ ഖാൻ പറഞ്ഞു. ” വാടകയ്‌ക്കല്ല കാർ നൽകിയത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറിന്റെ സഹോദരനുമായി പരിചയമുണ്ട്. ജബ്ബാറിന്റെ ചേട്ടൻ മിഷാൽ തിരുവനന്തപുരത്ത് എൻജിനിയറിംഗ് പഠിക്കുകയാണ്. പാവം വിളിച്ചു. ‘കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും ‘ എന്ന് പറഞ്ഞു. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നും ഷമിൽ ഖാൻ പറഞ്ഞു.
രാത്രി ഏഴര കഴിഞ്ഞാണ് കുട്ടികൾ വണ്ടിയെടുക്കാൻ വന്നത്. 10 മണിക്കാണ് അപകടവിവരം അറിഞ്ഞത്. അതിന് ശേഷം ഉറഞ്ഞാൻ കഴിഞ്ഞിട്ടില്ല. സഹായിച്ചതാണ്. അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. പരിചയപ്പെട്ടിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളുവെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. ജബ്ബാറിന്റെ മുഖം ഇപ്പോഴും മനസിൽ മറയാതെ നിൽകുകയാണ്’,ഷമിൽ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ ദേശീയപാതയിൽ കളർകോടാണ് അപകടം ഉണ്ടായത്.കെഎസ്ആർടിസി ബസിൽ കാറിടിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. 11 പേരുണ്ടായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ മരിച്ചു. ആറ് വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്‌ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.















