ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരുവിഭാഗത്തിൽ പെട്ടവരെയും വിലക്കരുതെന്ന് സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നിർദേശംനൽകി. ഓര്‍ത്തഡോക്‌സ് യാക്കോബായ തർക്കത്തിൽ പുറപ്പെടുവിച്ച സുപ്രധാനമായ നിർദേശത്തിലാണ് സുപ്രീം കോടതി ഇങ്ങിനെ പറഞ്ഞത്.
2017-ലെ സുപ്രീംകോടതി വിധി അനുസരിച്ച് മലങ്കര സഭയ്‌ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2017-ലെ വിധിക്കുശേഷം യാക്കോബായ സഭ നൽകിയ പല പ്രത്യേക അനുമതി ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സഭയ്‌ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാന്‍ എന്നിവർ ചൂണ്ടിക്കാട്ടി. പക്ഷെ 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി നിലപാടെടുത്തു. യാക്കോബായ സഭയുടെ ആവശ്യങ്ങൾ കേൾക്കണെമെങ്കിൽ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
യാക്കോബായ സഭ രണ്ടാഴ്ചയ്‌ക്കുള്ളിൽ ആറ് പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം സുപ്രീം കോടതിക്ക് സമർപ്പിക്കണം.
ഓര്‍ത്തഡോക്‌സ്- യാക്കോബായ തർക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ പോലീസിനെ അയക്കുന്നതിനെയും സുപ്രീം കോടതി വിമർശിച്ചു. പള്ളികൾ മത സ്ഥാപനങ്ങളാണ്. അവിടേക്ക് പോലീസിനെ അയക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇത്തരം കാര്യങ്ങളിൽ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെടരുതെന്ന് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരോട് നിർദേശിച്ചു. സർക്കാർ ഭരണം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെടുന്നവർ പള്ളികളുടെ കണക്കുകൾകൂടി സർക്കാരിനെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും സുപ്രീം കോടതി പരാമർശിച്ചു.
ഓടക്കൽ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, പുളിന്താനം സെൻ്റ് ജോൺസ് ബെസ്‌ഫേജ് ഓർത്തഡോക്‌സ് സിറിയൻ പള്ളി, എറണാകുളം ജില്ലയിലെ മഴുവന്നൂർ സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളി, മംഗലം ഡാം സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, പാലക്കാട് ജില്ലയിലെ ചെറുകുന്നം സെൻ്റ് തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളി എന്നിവയുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെൻട്രൽ സോൺ ഐ.ജി. നീരജ് കുമാർ ഗുപ്ത, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ എസ്.പി. വിവേക് കുമാർ, പാലക്കാട് കളക്ടർ എസ്. ചിത്ര, പാലക്കാട് എസ്.പി. ആർ. ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥർക്കെതിരെ തർക്കത്തിലുളള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നൽകാത്തത് ആരോപിച്ചാണ് കേരള ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ നടപടികളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ സുപ്രീം കോടതി ഒഴിവാക്കി.
യാക്കോബായ സഭയ്‌ക്കുവേണ്ടി സംസ്ഥാന സർക്കാർ രാഷ്‌ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാൽ സുപ്രീം കോടതിയിൽ ആരോപിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും ആര് ആർക്ക് പിന്തുണ നൽകുന്നു എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.















