ന്യൂഡല്‍ഹി : മഹീന്ദ്ര കാറുകളെ വിമര്‍ശിച്ചുള്ള ട്വീറ്റിന് നേരിട്ട് മറുപടി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കമ്പനി കാറുകളുടെ രൂപകല്പനകള്‍, ഗുണനിലവാരം, വിശ്വാസ്യത എന്നിവയെച്ചൊല്ലിയാണ് പോസ്റ്റ്. മത്സരമുഖത്തുള്ള ഹ്യൂണ്ടായ് പോലുള്ള കമ്പനികളോട് കിടപിടിക്കാന്‍ പോന്നവയല്ല മഹീന്ദ്രയുടെ വാഹനങ്ങളെന്നാണ് വിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചത്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളായ ബി.ഇ.6.ഇ.,
‘നിങ്ങളുടെ ഓരോ ഉല്‍പ്പന്നങ്ങളും പഠിക്കാത്തവര്‍ക്കും ഗവേഷണം ചെയ്യാത്തവര്‍ക്കുമുള്ളതാണ്. നിങ്ങളുടെ കാറുകള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹ്യൂണ്ടായ്‌യുടെ അടുത്തെങ്ങുമെത്തില്ല. നിങ്ങള്‍ക്കാണോ നിങ്ങളുടെ ടീമിനാണോ ഏറ്റവും മോശം ആശയമുള്ളതെന്ന് എനിക്ക് അറിയില്ല. വലിയ വാഹനങ്ങള്‍ ആഗ്രഹിക്കുന്ന, എന്നാല്‍ വിശ്വാസ്യതയെയും ഗുണനിലവാരത്തെയും കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് നിങ്ങളുടെ കാറുകള്‍ വാങ്ങുക. ‘ എന്നായിരുന്നു ട്വീറ്റ്. സുശാന്ത് മേത്ത എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നുള്ളതാണ് ട്വീറ്റ്.
വിമര്‍ശനത്തോട് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വളരെ ക്രിയാത്മകമായിത്തന്നെ പ്രതികരിച്ചു. നിങ്ങള്‍ ശരിയാണ്, തങ്ങള്‍ക്കിനിയും മുന്നോട്ടുപോകാനുണ്ട് എന്നുപറഞ്ഞുതുടങ്ങിയുള്ള മറുപടിയില്‍ കമ്പനി ഇതുവരെ എങ്ങനെയെത്തിയെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.
‘ 1991-ല്‍ ഞാന്‍ കമ്പനിയില്‍ ജോയിന്‍ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തുറന്നുകഴിഞ്ഞിരുന്നു. ഒരു ആഗോള കണ്‍സല്‍ട്ടിങ് സ്ഥാപനം ഞങ്ങളോട് കാര്‍ ബിസിനസ് നിര്‍ത്തണമെന്ന് ഉപദേശിച്ചിരുന്നു. എന്തെന്നാല്‍ അവരുടെ കാഴ്ചപ്പാട്, വിദേശ ബ്രാന്‍ഡുകള്‍ പിടിമുറുക്കിയ ഈ ഇടത്തിലേക്ക് ഞങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു, ഞങ്ങളിപ്പോഴും ചുറ്റുമുള്ളവരുമായി മത്സരിച്ചുകൊണ്ട് ഇവിടെയുണ്ട്. പുരോഗതി എന്നത് ഞങ്ങളുടെ മന്ത്രമാണ്. എങ്കിലും വിജയത്തിലേക്കുള്ള ചവിട്ടുപടിക്ക് ഊര്‍ജം തന്നതിന് നന്ദി!’- ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിനു പിന്നാലെ വിമര്‍ശനം ഉന്നയിച്ച വ്യക്തി ട്വീറ്റ് ഡിലീറ്റ് ചെയ്തു. താങ്കളുടെ ടീമില്‍നിന്നുള്ള കോള്‍ വന്നിരുന്നു. തന്റെ വാക്കുകളില്‍ അവര്‍ അതൃപ്തരാണ്. അതിനാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നെന്നും അദ്ദേഹം തുടര്‍ന്ന് ട്വീറ്റുചെയ്തു.















