ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. IFTV എന്ന പേരിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ടിവി സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ സ്കൈപ്രോയുമായി ചേർന്നാണ് ഇന്റർനെറ്റ് ടിവി യാഥാർത്ഥ്യമാക്കിയത്.
IFTV വഴി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സ്മാർട്ട് ടിവികളിലെ Skypro TV ആപ്പ് വഴി Skyproയുടെ IPTV സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. 20 ജനപ്രിയ സ്ട്രീമിംഗ് ചാനലുകൾ ഉൾപ്പടെ 500-ലധികം ചാനലുകൾ ആസ്വദിക്കാൻ കഴിയും. പ്രത്യേക സെറ്റ്-അപ്പ് ബോക്സ് ഇല്ലാതെ തന്നെ ഇവ വിരൽത്തുമ്പിൽ ലഭിക്കും. ആദ്യഘട്ടത്തിൽ തമിഴ്നാട്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാവുക.
നിലവിൽ ആൻഡ്രോയിഡ് ടിവികളിൽ മാത്രമാണ് സേവനം ലഭ്യമാകുക. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ടിവിയുള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാം. സബ്സ്ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്യണം.
പുത്തൻ ചുവടുവയ്പ്പുമായി ബിഎസ്എൻഎൽ കുതിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണവും കുതിക്കുകയാണ്. ഈ വർദ്ധനവ് ടെലികോം വമ്പന്മാർക്ക് വരുത്തിയ നഷ്ടം ചെറുതല്ലായിരുന്നു.















