വിവാഹ വീഡിയോ പങ്കുവച്ച് അഞ്ജു ജോസഫ്. അമ്പിളി എന്ന ചിത്രത്തിലെ ഗാനം ഒരുനാൾ കിനാവ് പൂത്തിടും അതിൽ നമ്മൾ ഒന്നായി ചേർന്നിടും എന്ന വരികൾ അടിക്കുറിപ്പാക്കിയാണ് വീഡിയോ പങ്കുവച്ചത്.
ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കം. റിസപ്ഷനിൽ നിന്നുള്ള കാഴ്ചകളും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളും അഭിപ്രായങ്ങളും പങ്കുവക്കുന്നത്. എഞ്ചിനീയറായ ആദിത്യ പരമേശ്വരൻ ഒരു ഗായകൻ കൂടിയാണ്. അഞ്ജുവിന് വേണ്ടി ഗാനമാലപിക്കുന്ന ആദിത്യയെയും വീഡിയോയിൽ കാണാം.
റിസപ്ഷനിൽ ഇരുവരുടെയും ഒന്നിച്ചുള്ള ഗാനാലാപനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ജു ജോസഫിന്റെ അടുത്ത സുഹൃത്തായ നടി ഐശ്വര്യ ലക്ഷ്മിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.
റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം വേർപിരിഞ്ഞതിനെ കുറിച്ച് അഞ്ജു അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വേർപിരിഞ്ഞതിന് പിന്നാലെ ഡിപ്രഷനിലായെന്നും ഒരുപാട് നാളുകളെടുത്താണ് ആ മാനസികാവസ്ഥയിൽ നിന്ന് പുറത്തെത്തിയതെന്നും അഞ്ജു വെളിപ്പെടുത്തിയിരുന്നു.