കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ ഈടാക്കാനുളള തീരുമാനത്തിൽ പ്രതിഷേധവുമായി ബിജെപി. പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പട്ട് ബിജെപി ഒപി കൗണ്ടറിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബിജെപി ജില്ലാ ഉപാധ്യക്ഷൻ അഡ്വ. കെ.വി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രനീഷ് മുഖ്യപ്രഭാഷണം നടത്തി. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഇപ്പോൾ ഒരു കൂട്ടം ആളുകളുടെ കൈകളിലാണെന്നും സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കുന്ന നടപടി ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും അഡ്വ. കെ വി സുധീർ പറഞ്ഞു.
ആശുപത്രി വികസനത്തിനും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും വേണ്ടിയെന്ന പേരിലാണ് ഒപി ടിക്കറ്റിന് കൊളളഫീസ് ഈടാക്കാൻ തീരുമാനിച്ചത്. ആശുപത്രി വികസന സമിതി യോഗത്തിൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ വാർത്ത പുറത്തുവന്നതോടെ വിവിധകോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.
കോഴിക്കോട് ജില്ലയ്‌ക്ക് പുറമേ കണ്ണൂരും മലപ്പുറത്തുമൊക്കെയുളള ആയിരക്കണക്കിന് നിർദ്ധനരായ രോഗികൾ ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജുകളിൽ സൗജന്യ ചികിത്സ നൽകുന്നുവെന്ന് സർക്കാർ വ്യാപകമായി പ്രചരിപ്പിക്കുമ്പോഴാണ് ഒപി ടിക്കറ്റിന്റെ പേരിൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന സമീപനം സ്വീകരിക്കുന്നത്.