എറണാകുളം: കാലടിയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നൽകാൻ കെ. കരുണാകരൻ വിചാരിച്ചിട്ട് പോലും നടന്നില്ലെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ നടന്ന അദ്വൈതത്തിന്റെ ജന്മഭൂവിൽ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ശങ്കരാചാര്യരുടെ പേര് നൽകിയാൽ അത് സമൂഹത്തിൽ അസ്ഥിരത ഉണ്ടാക്കുമെന്നും, മതസൗഹാർദ്ദം തകരുമെന്നുമാണ് മാർക്‌സിസ്റ്റുകാരും കോൺഗ്രസുകാരും കരുതുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിച്ച സർവ്വകലാശാല പോലും അദ്ദേഹത്തോട് നീതി പുലർത്തുന്നില്ല. സർവ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കരുതുന്നത് ലോകത്തിലെ അവസാനവാക്ക് കാറൽമാർക്ക്സ് പറഞ്ഞുകഴിഞ്ഞു എന്നും ഇതിനപ്പുറം ആരും പോകേണ്ട എന്നുമാണ്.
ശങ്കരദർശനങ്ങൾ ലോകത്തിന്റെ സാംസ്‌കാരികതയ്‌ക്ക് അമൂല്യമായ ഘടകമാണെന്നും, അദ്ദേഹം സ്ഥാപിച്ച നാല് കേന്ദ്രങ്ങളാണ് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യം നിലനിർത്തുന്നതെന്നും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ലോകത്തിന് ആദ്ധ്യാത്മിക ബൗദ്ധിക ജ്ഞാനത്തിന്റെ പ്രകാശം പകർന്നു നൽകിയ ഈ മലയാളി പുത്രനെ അറിയാൻ വിമുഖത കാണിക്കുന്ന മലയാളി സ്വന്തം മനസ്സാക്ഷിയോട് വഞ്ചന കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
27-ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ നാലാം ദിനത്തിൽ രാവിലെ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. സനാതന ധർമ്മത്തിന്റെ മഹനീയതയെ ലോകത്തിന് പകർന്ന് നൽകുവാൻ ശ്രീശങ്കരനെന്ന പ്രഭാവമുള്ള വ്യക്തിത്വം മലയാളനാട്ടിൽ ജനിച്ചത് നമുക്ക് അഭിമാനകരമാണെന്ന് അവർ പറഞ്ഞു. പുതിയ തലമുറയെ ശങ്കരദർശനങ്ങളുടെ മൂല്യങ്ങളിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാമൂഹിക സാംസ്‌കാരിക നായകർ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രീവിഷ്ണുമോഹൻ ഫൗണ്ടേഷൻ ചെന്നൈ, ശ്രീ ശങ്കരാചാര്യ അന്താരാഷ്‌ട്ര പഠന കേന്ദ്രം, ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാല കാലടി എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശ്രീകല എം നായർ, സ്വാമി ശ്രീഹരി പ്രസാദ്, പ്രൊഫ വി രാമകൃഷ്ണഭട്ട് എന്നിവർ പങ്കെടുത്തു. വിവിധ പ്രബന്ധ വിഷയങ്ങളിലായി പ്രൊഫ പി.സി.മുരളീധരൻ, പ്രൊഫ.സി.നീലകണ്ഠൻ, പ്രൊഫ.നാരായണൻ നമ്പൂതിരി, പ്രൊഫ.കെ.പി ശ്രീദേവി, പ്രൊഫ എൻ.കെ.സുന്ദരേശൻ, പ്രൊഫ.കെ.എം.സംഗമേശൻ, പ്രൊഫ എസ്.ഷീബ, വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു.