കടുപ്പമേറിയ പരീക്ഷകളുടെ പട്ടികയിൽ പെടുന്ന യുപിഎസ്‌സി പരീക്ഷ കടമ്പ കടക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സേവനങ്ങളിലേക്കാണ് യുപിഎസ്‌സി പരീക്ഷ നടത്തുന്നത്. പരീക്ഷയിലും അഭിമുഖങ്ങളിലുമൊക്കെ മറ്റ് മത്സര പരീക്ഷകളിൽ നിന്നും വ്യത്യസ്തമാണ് യുപിഎസ്‌സി.
പ്രത്യേക വിഷയം കേന്ദ്രീകരിച്ചോ പൊതുബോധവുമായി ബന്ധപ്പെട്ടോ ചോദ്യങ്ങളാകും ചോദിക്കാറ്. അത്തരത്തിലൊരു ചോദ്യമാണ് ഇന്ത്യൻ റെയിൽവേയെ എന്തുകൊണ്ട് ഇന്ത്യൻ റെയിൽവേയ്സ് എന്ന് വിളിക്കുന്നുവെന്നത്. ആദ്യമൊന്ന് ചിന്തിപ്പിച്ചാലും കാര്യം സിംപിളാണ്.
സ്കൂളിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് ടീച്ചർ പഠിപ്പിച്ച കാര്യമാണ് ഇവിടെ ഓർക്കേണ്ടത്. ഒന്നിലേറെ നാമം കൂടിച്ചേരുമ്പോൾ അവസാനം ‘s’ ചേർക്കണമെന്ന് പറയാറില്ലേ? അതായത്, ഒരു ബുക്ക് എങ്കിൽ book എന്നും ഒന്നിലേറെ ബുക്കുകൾ ഉണ്ടെങ്കിൽ books എന്നുമാണ് പറയുന്നത്. ഇതുതന്നെയാണ് ഇന്ത്യൻ റെയിൽവേയുടെ കാര്യത്തിലും!
ഒരൊറ്റ റെയിൽവേ അല്ല ഇന്ത്യൻ റെയിൽവേയ്സ് എന്നതാണ് ഓർമിക്കേണ്ട പ്രധാന കാര്യം. രാജ്യത്തുടനീളം ഒന്നിലധികം റെയിൽവേ സോണുകളുള്ളൊരു ശൃംഖലയാണത്. 17 വ്യത്യസ്ത സോണുകളാണ് ഇന്ത്യൻ റെയിൽവേയ്സിന് കീഴിലുള്ളത്. ഒരോന്നും പ്രത്യേക പ്രദേശങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.
സെൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഫ്രോണ്ടിയർ റെയിൽവേ, നോർത്ത് വെസ്റ്റേൺ റെയിൽവേ, ദക്ഷിണ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, വെസ്റ്റ് സെൻട്രൽ റെയിൽവേ എന്നിങ്ങനെ 17 റെയിൽവേ സോണുകൾ ചേരുന്നതാണ് ഇന്ത്യൻ റെയിൽവേയ്സ്. റെയിൽവേ ബോർഡിന്റെ നേതൃത്വത്തിലാണ് എല്ലാ സോണുകളും പ്രവർത്തിക്കുന്നത്. നിലവിൽ സതിഷ് കുമാറാണ് റെയിൽവേ ബോർഡിന്റെ ചെയർമാനും എക്സിക്യൂട്ടീവ് ഓഫീസറും.