ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 പുറത്തിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബർ 5 ന് തിയേറ്ററുകളിൽ നിറഞ്ഞാടാൻ പുഷ്പ 2 എത്തുമ്പോൾ മറ്റൊരു സന്തോഷവാർത്തയുമായാണ് സൗണ്ട് എഞ്ചിനീയറായ റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. പുഷ്പ 3 വരുമെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ അദ്ദേഹം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പുഷ്പ 3: The Rampage എന്ന പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകരുമായുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. പുഷ്പ 3യുടെ സൗണ്ട് മിക്‌സിംഗ് നടക്കുന്നുവെന്ന സൂചന കൂടിയാണ് പോസ്റ്റർ നൽകുന്നത്. ചിത്രം പങ്കുവച്ച ശേഷം റസൂൽ പൂക്കുട്ടി ഡിലീറ്റ് ചെയ്‌തെങ്കിലും നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വൈറലായിരുന്നു. പിന്നാലെ പോസ്റ്ററിന്റെ സ്‌ക്രീൻ ഷോട്ടുകളുമായി ആരാധകർ രംഗത്തെത്തി.
അല്ലു അർജുന്റെ മാസ് ആക്ഷൻ ചിത്രം പുറത്തിറങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കൊണ് ആരാധകർക്കായുള്ള അടുത്ത സസ്‌പെൻസ് റസൂൽ പൂക്കുട്ടി പൊളിച്ചത്. നേരത്തെ നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മികയും പുഷ്പ 3യെ കുറിച്ചുള്ള സൂചനകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.















