ചണ്ഡീഗഡ്: പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരമായ ചണ്ഡിഗഢിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയം (BSA) തുടങ്ങി രാജ്യത്ത് നിലവിൽ വന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും നടപ്പിലാക്കിയ നഗരമെന്ന രീതിയിലാണ് അഭിനന്ദനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെല്ലായിടത്തും നിയമം പൂർണമായി നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥയുടെ സുവർണ ദിനമാണിത്. മുൻ ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ പീനൽ കോഡ് (IPC), ക്രിമിനൽ നടപടിച്ചട്ടം (CrPC), എവിഡൻസ് ആക്ട് എന്നിവ ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനുവേണ്ടി മാത്രമുള്ള നിയമങ്ങളായിരുന്നു. അവയ്‌ക്ക് 160 വർഷത്തെ പഴക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നിയമങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയുള്ളതാണ്,” അമിത് ഷാ പറഞ്ഞു.
അഴിമതി കുറയ്‌ക്കുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി സർക്കാർ ‘ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ’ എന്ന പുതിയ തസ്തിക സൃഷ്ടിച്ചതായി അദ്ദേഹം അറിയിച്ചു. മാത്രമല്ല ‘രാജ്യ ദ്രോഹം’ എന്ന വാക്ക് മാറ്റി ‘ദേശദ്രോഹം’ എന്നാക്കി നിയമത്തിൽ ഉൾപ്പെടുത്തി. പുതിയ ക്രിമിനൽ നിയമ വ്യവസ്ഥയ്‌ക്ക് കീഴിൽ രാജ്യത്ത് 11 ലക്ഷം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും നാല് മാസം കൊണ്ട് ഇതിൽ 9,500 കേസുകളിലും വിധിന്യായം പുറപ്പെടുവിച്ചതായും അമിത്ഷാ പറഞ്ഞു.
2024 ജൂലൈ ഒന്നുമുതലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും ഇന്നത്തെ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാക്കുകയാണ് പുതിയ നിയമങ്ങൾ ലക്ഷ്യം വെയ്‌ക്കുന്നത്.