തിരുവനന്തപുരം: രണ്ടര വയസുകാരിക്ക് നേരെയുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മാരകമായ മുറിവുകളില്ലെന്നും നഖം കൊണ്ട് നുള്ളിയ ചെറിയ പാട് മാത്രമാണുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടിയെ ഉപദ്രവിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അരുൺഗോപി പറഞ്ഞു.
” സംഭവിക്കാൻ പാടില്ലാത്താണ് സംഭവിച്ചത്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. മുൻപൊന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കുട്ടിയെ ഉപദ്രവിച്ച ആയമാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികളെ നോക്കാനായി കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആയമാരാണ് കുട്ടിയെ ഉപദ്രവിച്ചത്.” ചെറിയ പാട് മാത്രമാണ് ഇപ്പോൾ കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും അരുൺ ഗോപി പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ കുട്ടിക്ക് വൈദ്യ സഹായം നൽകിയിരുന്നു. നിലവിൽ രണ്ടര വയസുകാരി പൂർണ ആരോഗ്യവതിയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത്. ഇവിടെയുള്ള കുട്ടികളെയെല്ലാം കണ്ണിൽ എണ്ണയൊഴിച്ചാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ നോക്കാൻ ആളെ കിട്ടാത്തതിനാലാണ് കരാർ അടിസ്ഥാനത്തിൽ ആളുകളെ എടുത്തത്. ഒരോരുത്തരുടെയും സഹായത്തോടെയും പിന്തുണയോടെയുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും അരുൺഗോപി വ്യക്തമാക്കി.
കിടക്കയിൽ മൂത്രം ഒഴിച്ചതിനെ തുടർന്നാണ് രണ്ടര വയസുകാരിയെ മൂന്ന് ആയമാർ ചേർന്ന് ഉപദ്രവിച്ചത്. ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിനും കുട്ടിയെ ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനും മൂന്നു പേർക്കെതിരെയും പോക്‌സോ ചുമത്തിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ താത്കാലിക ജീവനക്കാരായ അജിത, സിന്ധു, മഹേശ്വരി എന്നിവർക്കെതിരെയാണ് കേസ്.















