ലക്നൗ: ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്നും എല്ലാ വിധത്തിലും ബംഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ ഉറച്ചുനിൽക്കുന്നുണ്ടെന്നും ചമ്പത്ത് റായ് പറഞ്ഞു.
1971-ൽ നടന്ന പാകിസ്താൻ- ബംഗ്ലാദേശ് കലാപത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ പൂർണമായും പിന്തുണച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യയ്‌ക്ക് വലിയ ആശങ്കയാണുള്ളത്. 1971-ന് ശേഷം 53 വർഷം കഴിയുമ്പോഴും ഹൈന്ദവരോടും ന്യൂനപക്ഷ സമുദായങ്ങളോടുമുള്ള ബംഗ്ലാദേശിന്റെ സമീപനത്തിന് യാതൊരു മാറ്റവുമില്ല.
ബംഗ്ലാദേശിൽ നടന്ന കലാപത്തിൽ 10 ലക്ഷത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് അവരുടെ വീടും ജോലിയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നു. ഇന്ത്യ അവർക്ക് അഭയം നൽകി. അവർ മെല്ലെ ഇന്ത്യക്കാരായി ജീവിക്കാൻ തുടങ്ങി. അനീതിക്കെതിരെ ശക്തമായി നിൽക്കേണ്ടതുണ്ട്. ജനങ്ങളെ സംരക്ഷിക്കുന്നതിലും കൃത്യനിർവ്വഹണം നിറവേറ്റുന്നതിലും ബംഗ്ലാദേശ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും ചമ്പത്ത് റായ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ച 60-ലധികം സന്ന്യാസികളെ ബംഗ്ലാദേശിലെ ബെനാപോൾ ലാൻഡ് പോർട്ടിൽ തടഞ്ഞുനിർത്തിയിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചതിന് പിന്നാലെ ഇന്ത്യയിൽ വിസ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദു മതന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് പിന്നാലെ ശ്യാം ദാസ് പ്രഭു എന്ന സന്യാസിയും അറസ്റ്റിലായിരുന്നു.















