സിംബാബ്‌വേയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിൽ റെക്കോർഡിട്ട് പാകിസ്താന്റെ യുവ സ്പിന്നർ. സുഫിയാൻ മുഖീം. 16 പന്തിനിടെ അഞ്ചുവിക്കറ്റ് പിഴുതാണ് പേസർ ഉമർ ഗുല്ലിന്റെ റെക്കോർഡ് സ്പിന്നർ പഴങ്കഥയാക്കിയത്. ഉമർ ഗുല്ല് ആറു റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തതെങ്കിൽ സുഫിയാൻ മൂന്ന് റൺസ് മാത്രമാണ് നൽകിയത്. 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് എന്ന നിലയിൽ നിന്നാണ് 20 റൺസെടുക്കുന്നതിനിടെ പത്തുപേർ പുറത്തായത്. ശ്രീലങ്കയ്‌ക്ക് എതിരെ കൊളംബോയിൽ നേടിയ 82 റൺസായിരുന്നു ഇതുവരെയുള്ള സിംബാബ്‌വേയുടെ ചെറിയ സ്കോർ. രംഗണ ഹെറാത്ത്, റാഷിദ് ഖാൻ എന്നിവരുടെ റെക്കോഡിനൊപ്പമാണ് യുവതാരുമെത്തിയത്.
സുഫിയാന്റെ കരുത്തിൽ സിംബാബ്‌വേയെ 57 റൺസിന് പാകിസ്താൻ പുറത്താക്കി. 12.4 ഓവർ മാത്രമാണ് പാകിസ്താൻ എറിഞ്ഞത്. മറുപടി ബാറ്റിംഗിൽ സയിം അയുബ് (36) ഒമൈർ ബിൻ യൂസഫ് (22) ചേർന്ന് പാകിസ്താന് അനായാസ ജയം സമ്മാനിച്ചു. 14.3 ഓവർ ശേഷിക്കെയായിരുന്നു പാകിസ്താന്റെ വിജയം. ആദ്യ മത്സരം ജയിച്ച പാകിസ്താൻ പരമ്പരയും സ്വന്തമാക്കി. ബ്രയാൻ ബെന്നറ്റും(21), ടഡിവാൻശേ മരുമണിയും(16) ചേര്‍ന്ന് ആതിഥേയര്‍ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അബ്ബാസ് അഫ്രീദി മരുമണിയെ മടക്കിയതിന് പിന്നാലെ കൂട്ടത്തകർച്ചയാണ് കണ്ടത്. നായകൻ സിക്കന്ദര്‍ റാസ (3) തിളങ്ങിയില്ല.















