കൊല്ലം: ചെമ്മാംമുക്കിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുതല സ്വദേശി അനിലയാണ് മരിച്ചത്. സുഹൃത്തായ സോണിക്കൊപ്പം കാറിൽ പോകുന്നതിനിടെയായിരുന്നു സംഭവം. കൊലപാതകത്തിൽ ഭർത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അനിലയും സുഹൃത്തും സഞ്ചരിച്ച കാർ, ഒമ്‌നി വാനിലെത്തിയ പത്മരാജൻ തടയുകയായിരുന്നു. തുടർന്ന് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇതോടെ അനിലയുടെ ദേഹത്തേക്ക് തീ ആളിപ്പടർന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. സുഹൃത്തായ സോണിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെമ്മാംമുക്കിൽ നഗരമദ്ധ്യത്തിലാണ് സംഭവം. തീ പടർന്ന് ഇരു വാഹനങ്ങളും കത്തിനശിച്ച നിലയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായും അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലെത്തിച്ചത്. കൊല്ലം നഗരത്തിൽ ബേക്കറി നടത്തി വരികയായിരുന്നു അനില.
അനിലയെയും സുഹൃത്തായ മറ്റൊരു യുവാവിനെയും ലക്ഷ്യമിട്ടാണ് പത്മരാജനെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.















