സിയോൾ: പ്രതിഷേധം കടുത്തതോടെ അടിയറവ് പറഞ്ഞ് ദക്ഷിണ കൊറിയ. കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാത്രിയിൽ പ്രഖ്യാപിച്ച പട്ടാള നിയമം പുലരും മുൻപേ പിൻവലിക്കുകയായിരുന്നു.
ജനാധിപത്യം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് പാർലമെൻ്റ് വളഞ്ഞത്. സമ്മർദ്ദം ശക്തമായതോടെയാണ് കരിനിയമം പിൻവലിക്കാൻ പ്രസിഡൻ്റ് നിർബന്ധിതനായത്. ഉത്തര കൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷം രാജ്യത്ത് സായുധ കലാപത്തിനും ജനാധിപത്യത്തെ അട്ടിമറിക്കാനും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള നിയമം നടപ്പിലാക്കാൻ പദ്ധതിയിട്ടത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു പ്രസിഡൻ്റിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
ഉത്തര കൊറിയയുടെ കമ്യൂണിസ്റ്റ് ശക്തികൾ രാജ്യത്തിന് ഭീഷണി ഉയർത്തുന്നുവെന്നും രാജ്യവിരുദ്ധ ഘടകങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും യൂൺ സുക് യോൾ അഭിസംബോധനയ്‌ക്കിടെ പറഞ്ഞു. പാർലമെൻ്റിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രവർത്തനങ്ങൾ നിരോധിക്കുമെന്നും മാദ്ധ്യമങ്ങളും പ്രസാദകരും സൈനിക കമാൻഡിന്റെ നിയന്ത്രണത്തിന് കീഴിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ പാർലമെന്റിന് പുറത്ത് ആയിരങ്ങൾ തടിച്ചുകൂടി പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനിടെ പാർലമെൻ്റിൽ കരിനിയമത്തിനെതിരെ വോട്ടെടുപ്പും നടന്നു. 300 അംഗങ്ങളിൽ 190 പേരും നിയമത്തെ എതിർത്തു. ഇതിന് പിന്നാലെയാണ് പ്രസിഡൻ്റിന്റെ പിന്മാറ്റം. വിന്യസിച്ച സൈനികരെ പിൻവലിക്കുമെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡൻ്റ് അറിയിച്ചു. യോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ വരുന്ന വർഷത്തെ ബജറ്റിനെ ചൊല്ലി പോര് തുടരുന്നതിനിടയിലായിരുന്നു പട്ടാള നിയമ പ്രഖ്യാപനം.